അധർമ്മത്തിനെതിരെ ധർമ്മം നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഓരോ ഹൈന്ദവ പുരാണങ്ങളും പറയുന്നത്. അതുകൊണ്ട് തന്നെ ഇവയിൽ നിരവധി ആയുധങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. പുരാണകഥകളിലെ ഏറ്റവും ശക്തിയേറിയതന്ന് പറയപ്പെടുന്ന ആയുധമാണ് ബ്രഹ്‌മാസ്ത്രം. അസ്ത്രങ്ങളുടെ അസ്ത്രമായ ബ്രഹ്‌മാസ്ത്രത്തെ തകർക്കാൻ ഒരു ശക്തിയ്ക്കും കഴിയുമായിരുന്നില്ല. ബ്രഹ്‌മാസ്ത്രം പോലെ തന്നെ ഹൈന്ദവ പുരാണത്തിൽ തുല്യപ്രധാന്യമുള്ള മറ്റ് ആയുധങ്ങളാണ് വജ്രായുധവും സുദർശന ചക്രവുമെല്ലാം.
ഭഗവാൻ മഹാവിഷ്ണുവിന്റെ ചൂണ്ടുവിരലിൽ ആണ് സുദർശനചക്രം ഉള്ളത്. മുഴുവൻ സമയവും കറങ്ങുന്ന ഈ അസ്ത്രത്തെ തകർക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. മഹാവിഷ്ണുവിന്റെ ആജ്ഞയ്ക്ക് അനുസരിച്ച് മാത്രമേ സുദർശന ചക്രം പ്രവർത്തിക്കാറുള്ളു. ശത്രു എത്ര ശക്തിശാലി ആണെങ്കിലും ഇല്ലാതാക്കാൻ തക്ക ശക്തി സുദർശന ചക്രത്തിനുണ്ട്. ഇത് വ്യക്തമാക്കുന്ന നിരവധി കഥകൾ പുരാണം പരിശോധിച്ചാൽ കണ്ടെത്താൻ സാധിക്കും.
ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളായ പരമശിവന്റെ പക്കലുള്ള അസ്ത്രമാണ് പാശുപതം. ഇതിന്റെ ശക്തിയെക്കുറിച്ചും പുരാണങ്ങളിൽ പരാമർശിക്കുന്നുണ്ട്.പശുപതി എന്ന് ശിവന് പേരുള്ളതിനാലാണ് ശിവന്റെ അസ്ത്രത്തെ പാശുപതം എന്ന് പറയുന്നത്. പുരാണങ്ങളിൽ പ്രതിപാദിക്കുന്ന അതീവ ശക്തിയുള്ള അസ്ത്രങ്ങളിൽ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ വളരെ അപൂർവ്വമായി മാത്രമേ ഈ അസ്ത്രം പ്രയോഗിച്ചിട്ടുള്ളൂവെന്നാണ് പറയപ്പെടുന്നത്. പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥവരെ ഇല്ലാതാക്കാൻ ഈ ആയുധത്തിന് ശക്തിയുണ്ട്.
ഭഗവാൻ വിഷ്ണുവിന്റെ പക്കലുള്ള നാരായണാസ്ത്രവും അതീവ ശക്തി നിറഞ്ഞതാണ്. അമൂല്യമായ അസ്ത്രമെന്നും ഇത് അറിയപ്പെടുന്നു. കാരണം ഉപയോഗിക്കുന്ന ആളുടെ ഭക്തിയ്ക്ക് അനുസരിച്ചതാണ് ഇതിന്റെ പ്രഹരശേഷി. പ്രതിരോധിക്കപ്പെടുമ്പോൾ ശക്തിപ്രാപിക്കുന്നു എന്നതാണ് ഈ അസ്ത്രത്തിന്റെ പ്രധാന സവിശേഷത. ഒരിക്കൽ മാത്രമേ ഈ അസ്ത്രം ഉപയോഗിക്കാൻ അനുവാദമുള്ളൂ. രണ്ടാമത്തെ തവണ ഉപയോഗിച്ചാൽ അത് ഉപയോക്താവിന്റെ നാശത്തിലാകും കലാശിക്കുക എന്നാണ് പറയപ്പെടുന്നത്.
വജ്രായുധത്തെക്കുറിച്ച് ഏവരും കേട്ടുകാണും. ഇന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആയുധമാണ് ഇത്. ദധീചി മഹർഷിയുടെ അസ്ഥിയിൽ നിന്നുണ്ടാക്കിയ ഇടിമിന്നൽ പോലെ പ്രഹരിക്കുന്ന ആയുധമാണ് ഇത്. വൃത്രാസുരനെ ഇല്ലാതാക്കുകയായിരുന്നു ഈ ആയുധത്തിന്റെ ആദ്യ ദൗത്യം. അധർമ്മത്തിന് മേലായ ധർമ്മത്തിന്റെ വിജയത്തെ കൂടിയാണ് വജ്രായുധം പ്രതിനിധീകരിക്കുന്നത്.
ശിവഭഗവാന്റെ ആയുധമാണ് ശിവ ധനുസ് അഥവാ പിനാക. ക്ഷണനേരത്തിൽ നിരവധി വില്ലുകൾ പ്രവഹിക്കാൻ കഴിവുള്ള ധനുസാണ് ഇത്. ബ്രഹ്‌മാസ്ത്രം പോലെ ശിവനിൽ നിന്നുള്ള ശക്തി നേരിട്ട് വഹിക്കുന്ന ആയുധം കൂടിയാണ് ഇത്. സീതയെ വിവാഹം ചെയ്യുന്നതിനായി രാമൻ കുലച്ചതും ഈ ധനുസ് ആണ്.










Discussion about this post