നടി ഛവി മിത്തല്‍, അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍, തന്റെ ബോട്ടോക്സ് അനുഭവം പങ്കുവെച്ചിരുന്നു. ബൊട്ടോക്‌സ് പാളിയെന്നും അത് ഒരു വര്‍ഷത്തിലേറെയായി തന്റെ മുഖത്തെ മരവിച്ചുകളഞ്ഞെന്നും ഡെര്‍മറ്റോളജിസ്റ്റും ഡെര്‍മറ്റോസര്‍ജനുമായ ഡോ.അഗ്‌നി കുമാര്‍ ബോസ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റില്‍ അവര്‍ പറഞ്ഞു. വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെക്കാനും ഡെര്‍മല്‍ ബോട്ടോക്സും സര്‍ജറികളുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍ ഇല്ലാതാക്കാനും ഉദ്ദേശിച്ച് നടത്തിയ പോഡ്കാസ്റ്റിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
ബോട്ടോക്സ് ഇഞ്ചക്ഷനില്‍ സംഭവിച്ച പിഴവ് ഒരു വര്‍ഷത്തിലേറെയായി മുഖത്തിന്റെ ഒരു വശം മുഴുവന്‍ മരവിപ്പിച്ചു, ഒരു അഭിനേതാവെന്ന നിലയില്‍, ഇത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഘട്ടമായിരുന്നു, ഛവി കൂട്ടിച്ചേര്‍ത്തു.
ഛവി മാത്രമല്ല മറ്റ് താരങ്ങളും മോഡലുകളും എന്തിനേറെ സാധാരണക്കാരും വരെ ഇത്തരം കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റുകളെ ആശ്രയിക്കാറുണ്ട്. പലരിലും ഇത്തരം പ്രശ്‌നങ്ങളും ട്രീറ്റ്‌മെന്റിന് ശേഷം കണ്ടുവരാറുമുണ്ട്.
എന്താണ് ബോട്ടോക്‌സ്
സൗന്ദര്യവര്‍ധനത്തിന്റെ നിരവധി വഴികളിലൊന്നാണ് ബൊട്ടോക്സ് കുത്തിവയ്പ്. മുഖത്തെ അഭംഗി മറയ്ക്കാനാണ് ഇത്തരം കുത്തിവയ്പുകളെടുക്കാറ്. ബോട്ടോലിനിയം ടോക്സിന്‍ ടൈപ്പ് എ, ഹ്യൂമണ്‍ ആല്‍ബുമിന്‍, സോഡിയം ക്ലോറൈഡ് എന്നിവയാണ് ബോട്ടോക്സ് ഇന്‍ജക്ഷന്‍ മിശ്രിതത്തില്‍ അടങ്ങിയിരിക്കുന്നത്.
ദോഷഫലങ്ങള്‍
ബൊട്ടോക്‌സ് വരുത്തി വയ്ക്കുന്ന ദോഷങ്ങളും പലതുണ്ട്. ഇതിലെ ചില ഘടകങ്ങള്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കും. ചര്‍മം ചൊറിഞ്ഞു തടിക്കുക, ആസ്തമ, തല ചുറ്റ്, ശ്വസനപ്രശ്നങ്ങള്‍ എന്നിവയാണ് പ്രധാന അലര്‍ജികള്‍. ചര്‍മകോശങ്ങള്‍ മൃദുവായവരില്‍ ഇത്തരം കുത്തിവയ്പുകള്‍ കോശങ്ങളില്‍ മുറിവേല്‍പ്പിക്കാനും ചര്‍മത്തില്‍ മുറിവുകളും വീര്‍ത്തുതടിക്കലുമുണ്ടാകാനും വഴിയൊരുക്കും.
നെറ്റിയിലോ കണ്ണിനോടോ ചേര്‍ന്ന ഭാഗങ്ങളിലോ ആണ് ബോട്ടോക്സ് കുത്തിവയ്ക്കുന്നതെങ്കില്‍ ചിലരില്‍ കണ്‍പോളകള്‍ താഴേക്ക് തൂങ്ങിപ്പോരുന്നതായി താല്‍ക്കാലികമായെങ്കിലും അനുഭവപ്പെടും. പെല്‍വിക് മസിലുകളുടെ പ്രശ്നം കാരണം എപ്പോഴും മൂത്രശങ്കയുണ്ടാകുന്നവര്‍ക്കു നല്‍കുന്ന ചികിത്സ കൂടിയാണ് ബോട്ടോക്സ്. എന്നാല്‍ ചര്‍മസൗന്ദര്യത്തിനായി ബോട്ടോക്സെടുക്കുമ്പോള്‍ ഇത് യൂറിനിറി ഇന്‍ഫെക്ഷന് വഴിയൊരുക്കും. കുത്തിവയ്പെടുത്ത് ഒരാഴ്ച കഴിയുമ്പോള്‍ ചിലരില്‍ പനിയ്ക്കു സമാനമായ ലക്ഷണങ്ങള്‍, തലവേദന, ശരീരവേദന, ശരീരോഷ്മാവ് വര്‍ദ്ധിക്കുക തുടങ്ങിയവ കണ്ടുവരാറുണ്ട്.
Discussion about this post