വിരസത നീക്കാന്‍ വേണ്ടി ഇന്‍സ്റ്റഗ്രാമിലെ റീലുകള്‍ പതിവായി കാണുന്നവരാണോ നിങ്ങള്‍? അതെ എന്നാണ് ഉത്തരമെങ്കില്‍ ഓക്സ്ഫഡ് നിഘണ്ടു ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെട്ട വാക്കായ ‘ബ്രെയിന്‍ റോട്ടിലൂടെയാണ് കടന്നുപോകുന്നത്. ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രസാധകരായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ശേഖരിച്ച ഈ വര്‍ഷത്തെ പ്രശസ്തമായ ആറ് വാക്കുകളുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ബ്രെയിന്‍ റോട്ട് നേടിയെടുത്തത്. 37,000 വോട്ടുകളാണ് ബ്രെയിന്‍ റോട്ടിന് ലഭിച്ചത്. എന്താണ് ബ്രെയിന്‍ റോട്ട്? ഒരു വ്യക്തിയുടെ മാനസികമോ ബൗദ്ധികമോ ആയ അവസ്ഥയുടെ നാശത്തെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രത്യേകിച്ച്, നിസ്സാരമോ വെല്ലുവിളി കുറഞ്ഞതോ ആയി കണക്കാക്കപ്പെടുന്ന വസ്തുക്കളുടെ അമിത ഉപഭോഗത്തിന്റെ ഫലമായാണ് ഇത് കാണുന്നത്. ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ- ഗുണനിലവാരം കുറഞ്ഞതും ബുദ്ധിശൂന്യവുമായ ഉള്ളടക്കം കാണുന്നതിന്റെയും- പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതിന്റെ ഫലമായുമാണ് ഇത് സംഭവിക്കുന്നത്. ഈ പദം ഇന്നത്തെ കാലത്ത് വലിയ പ്രസക്തിയുള്ള ഒന്നാണ്. കാരണം 2023 മുതല്‍ 2024 വരെ ഇന്റര്‍നെറ്റിന്റെ ഉപയോഗം 230 ശതമാനമാണ് ഉയര്‍ന്നത്.
വാക്ക് നേടിയെടുത്ത ജനപ്രീതി നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ ലക്ഷണമാണെന്ന് സൈക്കോളജിസ്റ്റും ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ആന്‍ഡ്രൂ പ്രസില്‍ബില്‍സ്‌കി ബിബിസിയോട് പറഞ്ഞു. ഈ വാക്ക് നിലവില്‍ വന്നത് എപ്പോള്‍? ഇന്റര്‍നെറ്റ് വരുന്നതിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രെയിന്‍ റോട്ട് എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
1854ല്‍ ഹെന്റി ഡോവിഡ് തോറോ തന്റെ ‘വാള്‍ടന്‍’ (Walden) എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. മികച്ച ആശയങ്ങളെ വിലകുറച്ച് കാണിക്കുന്ന സമൂഹത്തിന്റെ പ്രവണതയെക്കുറിച്ചും ഇത് മാനസിക, ബൗദ്ധിക തലത്തിലുണ്ടാക്കുന്ന തകര്‍ച്ചയുടെ ഭാഗമാണെന്നും അദ്ദേഹം ഈ പദത്തിലൂടെ പറയുന്നു.
Discussion about this post