അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിൽ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച പെൺകുട്ടി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ്. സൗന്ദര്യം കൊണ്ടും നൃത്തം കൊണ്ടും അഭിനയം കൊണ്ടും ദക്ഷിണേന്ത്യയുടെ മുഴുവൻ മനം കവർന്ന താരമാണ് ശ്രീലീല. അമേരിക്കൻ വ്യവസായിയായ അച്ഛന്റെയും ഗൈനക്കോളജിസ്റ്റായ അമ്മയുടെയും മകൾ. മാതാപിതാക്കളുടെ വേർപിരിയലിന് ശേഷമാണ് അവൾ ഇന്ത്യയിലേക്ക് എത്തുന്നത്. ബംഗളൂരുവിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ആയ അമ്മയെപ്പോലെ ഒരു ഡോക്ടർ ആകണമെന്ന് തന്നെയായിരുന്നു ശ്രീലീലയുടെ ആഗ്രഹവും. ചെറുപ്പത്തിൽ തന്നെ ഭരതനാട്യം പഠിക്കുകയും നൃത്തരംഗത്ത് തിളങ്ങുകയും ചെയ്ത ശ്രീലീല എംബിബിഎസ് പഠനത്തോടൊപ്പം തന്നെ സിനിമാരംഗത്തും തിളക്കമാർന്ന ചുവടുവെപ്പാണ് നടത്തിയത്.
തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഗുണ്ടൂർകാരം എന്ന ചിത്രത്തിലെ ‘കുർച്ചി മട്തപെട്ടി’ എന്ന ഹിറ്റ് ഗാനത്തിലെ നൃത്ത രംഗങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് ശ്രീലീലയെ കൂടുതൽ പരിചയം. എന്നാൽ ഈ ചിത്രത്തിന്റെ മുൻപ് തന്നെ മറ്റു നിരവധി സിനിമകളിലും ശ്രീലീല നായികയായിരുന്നു. 2017 ലെ തെലുങ്ക് ഹൊറർ ചിത്രമായ ചിത്രാംഗദയിലൂടെ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് ശ്രീലീല സിനിമാരംഗത്തേക്ക് എത്തുന്നത്. 2019 ലെ കന്നഡ റൊമാൻ്റിക് ചിത്രമായ കിസ് എന്ന ചിത്രത്തിലെ നായികയായി ശ്രീലീല തൻ്റെ കരിയർ ആരംഭിച്ചു.
ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി ബിരുദങ്ങൾ നേടിക്കൊണ്ട് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശ്രീലീല ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള താരം ആണെങ്കിലും മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമത്തിൽ കൂടിയാണ് താരം. എന്നാൽ അഭിനയത്തിലെ തിളക്കത്തേക്കാൾ ഉപരിയായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് ജന മനസ്സിൽ തിളങ്ങി നിൽക്കാൻ ശ്രീലീലക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ 23 വയസ്സ് മാത്രം പ്രായമുള്ള ഈ താരം തന്റെ 21 വയസ്സിൽ ഭിന്നശേഷിക്കാരായ രണ്ടു കുട്ടികളെ ദത്തെടുത്തു കൊണ്ടാണ് തന്റെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ബൈ ടു ലവ് എന്ന കന്നഡ ചിത്രത്തിൽ ചെറിയ പ്രായത്തിൽ അമ്മയാകുന്ന പെൺകുട്ടിയായി നടി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനം. തുടർന്ന് 2022ൽ ഭിന്നശേഷിക്കാരായ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും ശ്രീലീല ദത്തെടുക്കുകയായിരുന്നു. പുഷ്പ 2 എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഐറ്റം ഡാൻസിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയ താരം ഉടനെ തന്നെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
Discussion about this post