ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടൽ സുരക്ഷാസേന വധിച്ചത് കൊടുംഭീകരനെയെന്ന് റിപ്പോർട്ട്. ലഷ്‌കർ ഇ ത്വയ്ബയുടെ കമാൻഡർ ആയ ജുനൈദ് അഹമ്മദ് ഭട്ടിനെയാണ് സൈന്യം വകവരുത്തിയത്. നിരവധി ഭീകരാക്രമണ കേസുകളിലെ പ്രതിയായ ജുനൈദിനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ഗംഗാഗിറിൽ ഡോക്ടർ ഉൾപ്പെടെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജുനൈദ്. സംഭവത്തിന് പിന്നാലെ പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും ജുനൈദിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കമ്പിളി കൊണ്ട് ശരീരം മൂടി തോക്കുമായി ജുനൈദ് നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ആയിരുന്നു പോലീസിന് ലഭിച്ചത്. ഇതിന് പുറമേ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇയാളുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് കൈമാറും.
ദാച്ചിഗ്രാം മേഖലയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സുരക്ഷാസേന പരിശോധനയ്ക്കായി എത്തുകയായിരുന്നു. ഇതിനിടെ ഭീകരർ സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്തു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
Discussion about this post