ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ശൈത്യകാലമായതോടെ പല പ്രദേശങ്ങളിലും കാലാവസ്ഥാ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. മൂടൽമഞ്ഞും കാറ്റും പോലെയുള്ള പ്രശ്നങ്ങൾ കാരണം പലപ്പോഴും ട്രെയിനുകൾ വൈകി ഓടുന്നത് ഇപ്പോൾ പതിവാണ്. മണിക്കൂറുകൾ വൈകിട്ടും ട്രെയിൻ വരാതിരിക്കുമ്പോൾ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി ഇപ്പോൾ റെയിൽവേ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ട്രെയിൻ വരാൻ വൈകിയാൽ സൗജന്യ ഭക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിൻ കുറഞ്ഞത് രണ്ടു മണിക്കൂർ എങ്കിലും വൈകുന്നേരമാണ് ഇത്തരത്തിൽ സൗജന്യ ഭക്ഷണം ലഭിക്കുക. രാജധാനി, തുരന്തോ, ശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് റെയിൽവേയുടെ ഈ സൗജന്യ ഭക്ഷണം ലഭിക്കും.
വൈകി വരുന്ന ട്രെയിനിനു വേണ്ടി സ്റ്റേഷനിൽ കാത്തിരിക്കുന്നവർക്ക് റെയിൽവേയുടെ ഈ സേവനം സൗകര്യപ്രദമായി പ്രയോജനപ്പെടുത്താം. ചായ, കാപ്പി, ബ്രേക്ക്ഫാസ്റ്റ്, ബ്രഡ്, ബട്ടർ, ജ്യൂസ് എന്നിവയെല്ലാം രാവിലെയോ ഉച്ചയ്ക്കോ ആയി ലഭിക്കുന്നതാണ്. ഇനി വൈകുന്നേരമാണ് ട്രെയിൻ ലേറ്റ് ആവുന്നത് എങ്കിൽ അത്താഴവും സൗജന്യമായി ലഭിക്കും. ചോറും കറിയും അടങ്ങുന്ന അത്താഴമോ പൂരിയും കറിയും അടങ്ങുന്ന അത്താഴമോ യാത്രക്കാർക്ക് ആവശ്യമുള്ളത് വാങ്ങാൻ കഴിയും. കൂടാതെ ട്രെയിൻ വരാൻ വൈകിയാലും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സേവനവും ഉണ്ടായിരിക്കുന്നതാണ്.
Discussion about this post