ന്യൂഡൽഹി: ശുദ്ധീകരിച്ച വെള്ളമെന്ന തരത്തിൽ കുപ്പികളിൽ ലഭിക്കുന്ന മിനറൽവാട്ടർ ഹൈ റിസ്‌ക് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യ സുരക്ഷാ അതോറിറ്റി ( എഫ്എസ്എസ്എഐ). കുപ്പിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ സർട്ടിഫിക്കേഷൻ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെയാണ് നടപടി. ഇതോടെ കുപ്പിവെള്ളം കർശനമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കും. അതേസമയം കുപ്പിവെള്ളം സുരക്ഷിതമല്ലെന്നല്ല ഈ നടപടികൊണ്ട് അർത്ഥമാക്കുന്നത്.
കുപ്പിവെള്ളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരത്തിൽ പരിശോധനകൾ നടത്തുന്നത്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധനകൾ തുടരും. കർശനമായ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷമേ ഇനി കുപ്പിവെള്ള വിതരണത്തിന് അനുമതി നൽകുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് സംരംഭകർക്കും ബന്ധപ്പെട്ടവർക്കും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് ഫുഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇനി മുതൽ പ്രതിവർഷ പരിശോധനകൾക്ക് കുപ്പി വെള്ള വ്യാപാരികൾ വിധേയമാകണം. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇത്.
ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ബിഐഎസിന്റെ സർട്ടിഫിക്കേഷനിൽ നിന്നും കുപ്പിവെള്ളത്തെ ഒഴിവാക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഇതുവരെ കുപ്പിവെള്ളത്തിന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെയും ബിഐഎസിന്റെയും സർട്ടിഫിക്കേഷൻ ആവശ്യമായിരുന്നു. എന്നാൽ ഇത് കടുത്ത സാമ്പത്തിക ഭാരവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി വ്യാപാരികൾ പരാതിപ്പെട്ടു. ഇതോടെയാണ് സർക്കാർ തീരുമാനം.
Discussion about this post