സോൾ : രാജ്യത്ത് അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ച് ദക്ഷിണകൊറിയ. പ്രതിപക്ഷത്തിന്റെ രാജ്യവിരുദ്ധ നിലപാടുകളും ശത്രുരാജ്യമായ ഉത്തരകൊറിയയോട് കൂറു കാണിക്കുന്നതും മൂലമാണ് പട്ടാള നിയമം ഏർപ്പെടുത്തുന്നതെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ വ്യക്തമാക്കി. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ സർക്കാരിനെ തളർത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
ഉത്തര കൊറിയ അനുകൂല ശക്തികളെ ഇല്ലാതാക്കുമെന്നും ഭരണഘടനാപരമായ ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കുമെന്നും യൂൻ സുക് യോൾ ദക്ഷിണകൊറിയൻ ജനതയോട് അറിയിച്ചു. സ്വതന്ത്ര റിപ്പബ്ലിക് ഓഫ് കൊറിയയെ പുനർനിർമ്മിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് അടിയന്തര സൈനിക നിയമം ഏർപ്പെടുത്തുന്നതെന്നും പ്രസിഡണ്ട് അറിയിച്ചിട്ടുണ്ട്.
സോൾ സെൻട്രൽ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് മേധാവി ഉൾപ്പെടെ മൂന്ന് മുൻനിര പ്രോസിക്യൂട്ടർമാരെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസാക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് പ്രസിഡണ്ട് രാജ്യത്ത് അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.
തന്നെ വിശ്വസിക്കാനും ചില അസൗകര്യങ്ങൾ സഹിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ച ശേഷമാണ് ദക്ഷിണകൊറിയൻ പ്രസിഡന്റ് ഈ തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം പ്രസിഡന്റിന്റെ ഈ പ്രഖ്യാപനത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. അടിയന്തര സൈനികനിയമ പ്രഖ്യാപനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് ലീ ജെയ്-മ്യുങ് പറഞ്ഞു.
Discussion about this post