ന്യൂഡൽഹി: ഇന്ന് വന്ധ്യത ചികിത്സിക്കുന്നതിനുള്ള ആശുപത്രികൾ കൂണുകൾ പോലെ മുളച്ചുപൊന്തുകയാണ്. കാരണം താളം തെറ്റിയ ജീവിത ശൈലി നമ്മുടെ പ്രത്യുത്പാദനശേഷിയെ ബാധിച്ചിരിക്കുന്നു. കുഞ്ഞുങ്ങൾ ഇല്ലാതെ നിരവധി ദമ്പതികൾ ആണ് വിഷമം അനുഭവിക്കുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും വേവ്വേറെ ഘടകങ്ങൾ ആണ് വന്ധ്യതയ്ക്ക് കാരണം ആകുന്നത്.
പുരുഷന്മാരിൽ ബീജങ്ങളുടെ ആരോഗ്യമില്ലായ്മും എണ്ണക്കുറവും ആണ് പ്രധാന പ്രശ്‌നം ആകുന്നത്. തെറ്റായ ജീവിത ശൈലിയാണ് ഇതിന് കാരണം എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാൽ തെറ്റായ ജീവിത ശൈലി മാത്രമല്ല മറ്റൊരു ഘടകം കൂടി പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാക്കും എന്നാണ് കണ്ടെത്തൽ.
അന്തരീക്ഷ മലിനീകരണമാണ് പുരുഷനെ ബാധിക്കുക. അടുത്തിടെ നടത്തിയ നിരവധി പഠനങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഗ്രാമങ്ങളിൽ ജീവിക്കുന്ന പുരുഷന്മാരെ അപേക്ഷിച്ച് നഗരങ്ങളിൽ പ്രത്യേകിച്ച് മെട്രോപൊളിറ്റൻ നഗരങ്ങളിൽ താമസിക്കുന്ന പുരുഷന്മാരിലാണ് ബീജങ്ങളുടെ എണ്ണം കുറവായി കാണപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ.
ലാഹങ്ങൾ, പ്ലാസ്റ്റിക്, കീടനാശിനികൾ എന്നിവയെല്ലാം അന്തരീക്ഷത്തിൽ വലിയ അളവിൽ രാസവസ്തുക്കൾ നിറയാൻ കാരണം ആകുന്നു. ഇവ ശ്വാസത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തുന്നു. ബീജങ്ങളുടെ എണ്ണം കുറയുന്നതിന് പുറമേ ജനിതക ഘടനയിൽ വ്യത്യാസം ഉണ്ടാക്കാനും അന്തരീക്ഷ മലിനീകരണത്തിന് കഴിയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. വൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇക്കാരണം കൊണ്ടാണ്. അന്തരീക്ഷ മലിനീകരണം ഹോർമോണിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.
Discussion about this post