ന്യൂഡൽഹി: നിരോധിച്ച 2000 രൂപ നോട്ടുകളിൽ വലിയൊരു ശതമാനവും തിരിച്ചെത്തിയതായി ആർബിഐ ( റിസർവ് ബാങ്ക് ഓഫ് ഇന്ത്യ). കൈവശം ഉള്ള നോട്ടുകൾ ഇപ്പോഴും മാറ്റിയെടുക്കാൻ അവസരം ഉണ്ടെന്ന് ആർബിഐ അറിയിച്ചു. അതേസമയം എക്‌സ്‌ചേഞ്ച് സൗകര്യം ആർബിഐ ഈ വർഷം പരിമിതപ്പെടുത്തിയിട്ടുണ്ട്.
2000 രൂപയുടെ 98.08 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ടെന്നാണ ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ ജനങ്ങളുടെ കൈവശം അച്ചടിച്ചവയിൽ 6,839 കോടി രൂപയാണ് ഉള്ളത്. കഴിഞ്ഞ വർഷം മെയിൽ നോട്ട് നിരോധിക്കുമ്പോൾ ഇത് 3.56 ലക്ഷം കോടി രൂപയായിരുന്നു. നിരോധനത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചിരുന്നു.
നിരോധനത്തിന് പിന്നാലെ രണ്ടായിരം രൂപ നോട്ടുകൾ ബാങ്കുകൾ വഴി മാറ്റി വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന്റെ പരിധി അവസാനിച്ചെങ്കിലും വലിയൊരു ശതമാനം ആളുകൾക്ക് രണ്ടായിരം രൂപ നോട്ടുകൾ മാറാൻ സാധിച്ചിരുന്നില്ല. ഇതോടെ രാജ്യത്തുടനീളമുള്ള എല്ലാ ആർബിഐ ശാഖകളിലും ഇതിനുള്ള സൗകര്യം ഒരുക്കി. എന്നാൽ ഈ വർഷം ഒക്ടോബർ മുതൽ ഇതിലും നിയന്ത്രണം കൊണ്ടുവരികയായിരുന്നു.
രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സേവനം ആർബിഐയുടെ 19 ഓഫീസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇവിടെയെത്തി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അപേക്ഷിക്കാം. അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലക്നൗ, മുംബയ്, നാഗ്പൂർ, ഡൽഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആർബിഐ ഓഫീസുകളിലാണ് നിലവിൽ നോട്ട്മാറിയെടുക്കുന്നതിനുളള സൗകര്യം ഉള്ളത്. നേരിട്ട് മാത്രമല്ല പോസ്റ്റൽ മുഖേനയും ഇവിടേയ്ക്ക് പണം അയക്കാം.
Discussion about this post