ദിസ്പുർ : ബീഫ് നിരോധന നിയമം വ്യാപിപ്പിക്കാൻ തീരുമാനിച്ച് അസം സർക്കാർ. പൊതുസ്ഥലങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ എല്ലാം നിരോധനം ബാധകം ആയിരിക്കും.
എന്നാൽ സ്വകാര്യ ചടങ്ങുകളിലോ മതപരമായ ചടങ്ങുകളിലോ ആവശ്യമെങ്കിൽ ബീഫ് കഴിക്കാമെന്നും അസം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബീഫ് ഉപഭോഗം സംബന്ധിച്ച് സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളിൽ ഭേദഗതികൾ വരുത്തുകയാണ് അസം സർക്കാർ ചെയ്തിരിക്കുന്നത്. സംസ്ഥാന കാബിനറ്റ് യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
നേരത്തെ ക്ഷേത്രങ്ങൾക്ക് സമീപം ബീഫ് വിൽക്കുന്നതും വിളമ്പുന്നതും കഴിക്കുന്നതും അസം സർക്കാർ നിരോധിച്ചിരുന്നു. ഈ നിരോധനം ഇപ്പോൾ സംസ്ഥാന വ്യാപകമായി പൊതുസ്ഥലങ്ങളിലേക്ക് നീട്ടിയിരിക്കുകയാണ്. മതപരവും സാമൂഹികവുമായ ഒത്തുചേരലുകളിലും സ്വകാര്യ ഭവനങ്ങളിലും ബീഫ് കഴിക്കുന്നതിന് വിലക്കില്ല എന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post