പിഎസ്എൽവി സി 59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം. 4.04നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി-സി59 ഇന്ന് കുതിച്ചുയർന്നത്.
ഇന്നലെ നടക്കേണ്ടിരുന്ന വിക്ഷേപണം കൗണ്ടഡൗൺ അവസാനിക്കാൻ 43 മിനിറ്റും 50 സെക്കന്റഡും ബാക്കിനിൽക്കെയാണ് മാറ്റിവച്ചത്. പ്രൊപ്പൽസൽ സിസ്റ്റത്തിനകത്തെ ഭ്രമണപഥ നിയന്ത്രണ സംവിധാനത്തിൽ പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
സൗരപര്യവേഷണത്തിനായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആർഒ വിക്ഷേപിക്കുന്ന ദൗത്യത്തിന് പ്രോബ-3 എന്നാണ് പേര്. ഐഎസ്ആർഒ പിഎസ്എൽവി-സി59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. രണ്ട് ഉപഗ്രഹങ്ങളെയും ഒരുമിച്ചാണ് പിഎസ്എൽവി-സി59 ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.
ഐഎസ്ആർഒയുടെ കൊമേഴ്‌സ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എൻഎസ്ഐഎൽ) യൂറോപ്യൻ സ്പേസ് ഏജൻസിയും സഹകരിച്ചുള്ളതാണ് ദൗത്യം. യൂറോപ്യൻ സ്പേസ് ഏജൻസി നിർമിച്ച കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെയുള്ള ഒരു ജോഡി പേടകങ്ങളെ ഐഎസ്ആർഒ ഒരൊറ്റ വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3 എന്നതാണ് ഏറ്റവും വലിയ സവിശേഷത.
സൂര്യൻറെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പ്രഭാവലയത്തെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് ആണ് പഠനം നടത്തുക. സൂര്യൻറെ കൊറോണ പാളിയെ കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ പ്രോബ-3യിലെ പേടകങ്ങൾക്കാകും എന്നാണ് പ്രതീക്ഷിക്കുന്നത്
Discussion about this post