മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷം ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭായോഗം നടന്നു. ഉപ മുഖ്യമന്ത്രിമാരായ ഏകനാഥ് ഷിൻഡെ, അജിത് പവാർ എന്നിവരും മന്ത്രിസഭായോഗത്തിൽ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുംബൈയിലെ സംസ്ഥാന സെക്രട്ടേറിയറ്റായ ‘മന്ത്രാലയ’യിൽ പുതിയ ഔദ്യോഗിക ചുമതലകൾ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ആയിരുന്നു മന്ത്രിസഭായോഗം നടന്നത്.
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തൻ്റെ ആദ്യ ഫയലിൽ ഒപ്പുവച്ചു. പൂനെ സ്വദേശിയായ ചന്ദ്രകാന്ത് കുർഹാഡെക്കാണ് 5 ലക്ഷം രൂപയുടെ ചികിത്സാസഹായം അനുവദിച്ചിരിക്കുന്നത്. ഭർത്താവിൻ്റെ മജ്ജ മാറ്റിവയ്ക്കൽ ചികിൽസയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം നൽകണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് അഭ്യർത്ഥന നടത്തിയിരുന്നു.
ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ സർക്കാർ വേഗത്തിൽ പ്രവർത്തിക്കണമെന്ന് മന്ത്രിസഭായോഗത്തിൽ ഫഡ്നാവിസ് വ്യക്തമാക്കി.
കൂടുതൽ വേഗത്തിലും ഉത്സാഹത്തോടെയും പ്രവർത്തിക്കാൻ അദ്ദേഹം എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയുടെ സുസ്ഥിര വികസനത്തിനായി ദീർഘകാല വളർച്ചയ്ക്ക് മുൻഗണന നൽകേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തു.
Discussion about this post