എറണാകുളം :എഡിഎം നവീൻ ബാബുവിന്റെ മരണത്തിന്റെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സിബിഐയോട് ഹൈക്കോടതി. കോടതി നിർദേശിച്ചാൽ അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ പറഞ്ഞു. എന്നാൽ അന്വേഷണം കൈമാറാൻ തയ്യാറല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഹർജി ഈ മാസം 12 ന് വീണ്ടും പരിഗണിക്കും . ജസ്റ്റിസ് കൗസർ എടപ്പക്കത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12 ന് നൽകും. സിബിഐ അന്വേഷണത്തിന്റെ കാര്യം എന്താണ്. അന്വേഷണം തെറ്റായ രീതിയിലാണ് പോവുന്നത് എന്ന് സ്ഥാപിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും എന്ന് കോടതി ഹർജികാരിയോട് ചോദിച്ചു.
സിബിഐ അന്വേഷണം ആവശ്യമുണ്ടോ , അന്വേഷണം ശരിയായ രീതിയിൽ ആണോ പോവുന്നത് എന്നുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കോടതി തീരുമാനം എടുക്കുക.
പോലീസ് നടത്തുന്ന അന്വേഷണത്തിൽ വീഴ്ചയില്ലെന്നും ശരിയായ ദിശയിലെന്നും സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തെ വിശ്വാസത്തിലെടുത്ത് അന്വേഷണം പൂർത്തിയാക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.
Discussion about this post