കൊച്ചി: എങ്ങും ഇപ്പോള്‍ ചാള ചാകരയാണ്. കൊച്ചുമത്തികള്‍ കൂട്ടമായെത്തി തീരത്തടിയുന്നത് സ്ഥിരം കാഴ്ച്ചയായിരിക്കുന്നു. എന്നാല്‍ ഇവ ഇനി മാര്‍ക്കറ്റുകളിലേക്കെത്തിയേക്കില്ല എന്നതാണ് സൂചന. കഴിഞ്ഞ ദിവസം വൈപ്പിന്‍ ഗോശ്രീപുരം ഫിഷിങ് ഹാര്‍ബറില്‍ വള്ളങ്ങള്‍ ഇത്തരം ചാളയുമായെത്തിയിരുന്നു. കണ്ണമാലി ഭാഗത്ത് മീന്‍പിടിക്കാനിറങ്ങിയ വള്ളങ്ങളാണ് നിറയെ ചാളയുമായി ഫിഷിങ് ഹാര്‍ബറിലെത്തിയത്. ഇടത്തരം ചാള കിലോഗ്രാമിന് 25 നിരക്കിലായിരുന്നു വില്‍പന. മാര്‍ക്കറ്റുകളിലേക്ക് വില്‍ക്കുന്നത് നഷ്ടമായതിനാല്‍ ഇവരൊക്കെ വളം കമ്പനികള്‍ക്ക് മത്സ്യം വില്‍ക്കുകയാണ്. പൊടിച്ചു വളമാക്കുന്നതിനാണു കമ്പനികള്‍ ചാള മൊത്തമായി വാങ്ങുന്നത്. ഈ വില്‍പ്പനയില്‍ വള്ളങ്ങള്‍ക്ക് 6 ലക്ഷം രൂപ വരെ ലഭിച്ചു.
ചാകരയുടെ സാഹചര്യത്തില്‍ ഒരു വള്ളത്തിന് 2 ടണ്‍ വരെ മത്സ്യം ലഭിക്കുന്നുണ്ട് . ഇതില്‍ 90 ശതമാനവും മത്തിയാണ് വലയില്‍ കുരുങ്ങുന്നത്. എന്നാല്‍ കിട്ടുന്നതു ചെറുമത്തിയാണ്. ഇതുമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് നിത്യവൃത്തിക്കുള്ള തുക പോലും ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. ഹാര്‍ബറില്‍ എത്തുമ്പോള്‍ മത്തിക്ക് കിലോയ്ക്ക് 20 രൂപപോലും ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
ചെറുമത്തി ആയതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ വില്‍പന നടത്തുന്നവര്‍ പേരിനു മാത്രമാണ് ഹാര്‍ബറില്‍ നിന്നും മത്തിയെടുക്കുന്നത്. മത്തികള്‍ ഉണക്കി പൊടിച്ച് വളമാക്കുന്ന ഇതര സംസ്ഥാന ഏജന്‍സികള്‍ ഹാര്‍ബറിലെത്തി മത്തി മൊത്തമായി കൊണ്ടുപോകുകയാണ്. നാട്ടിലെ പല മത്സ്യ വില്‍പന തട്ടുകളിലും മറ്റു മത്സ്യങ്ങള്‍ക്കൊപ്പം മത്തി ഫ്രീയായി നല്‍കുകയാണ്.
Discussion about this post