ആലപ്പുഴ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള കാരണം കൊണ്ട് ഇത്തവണ ലഭിച്ച തുടർച്ചയായ മഴയിൽ കോളടിച്ചത് കേരളതീരത്ത് ആണ്. ഇടവപ്പാതിയും തുലാമഴയും കഴിഞ്ഞ് ചൂടുകൂടുമ്പോൾ തീരം വിടേണ്ട മത്തി അതായത് ചാള ഇപ്പോൾ ഡിസംബറായിട്ടും സ്ഥലം വിടാന്‍ ഉദ്ദേശമില്ല. ഇതോടെ, കേരളത്തിൽ മത്തിലഭ്യത വർദ്ധിക്കുകയും ഒരു കാലത്ത് പൊന്നും വിലയുണ്ടായിരുന്ന മത്തി ഇപ്പോൾ സാധാരണക്കാരുടെ അടുക്കളയില്‍ വീണ്ടും സ്ഥിര സാന്നിധ്യമായി മാറി.
തുലാമഴ കഴിഞ്ഞിട്ടും ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കാരണം ഉണ്ടായ തുടർച്ചയായ മഴയിൽ കടലിലും തീരത്തും തണുപ്പ് തുടരുന്നതാണ് ഈ മത്തി ചാകരക്ക് കാരണമെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍.
അതേസമയം, കേരളമുടനീളം മത്തി ലഭ്യത കൂടുകയും വില ഇടിയുകയും ചെയ്തത് ബോട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇടനിലക്കാരുടെ ചൂഷണത്തിൽ എണ്ണക്കാശും കൂലിയും തികയാതെ വന്നതോടെ നഷ്ടം കുറയ്ക്കാനായി മത്തിയും വലയുമായി തൊഴിലാളികൾ നാട്ടിൻപുറങ്ങളിലേക്ക് കടന്ന് വലകുടഞ്ഞാണ് ഇപ്പോൾ വിൽപ്പന.
രണ്ട് കിലോ മത്തി നൂറ് രൂപയ്ക്കാണ് ഇപ്പോള്‍ വിൽക്കുന്നത്. ആറ് മാസം പ്രായമുള്ള മത്തിയാണ് ഇപ്പോൾ സുലഭമായുള്ളത്. മത്തി മാത്രമല്ല, ഒപ്പം അയലയും ഇപ്പോള്‍ കേരളത്തിൽ സുലഭമായി കിട്ടുന്നുണ്ട്. മത്തിയെ പോലെ തന്നെയാണ് ഇവരെല്ലാം രണ്ടും എന്നത് തന്നെയാണ് ഇവയുടെയെല്ലാം ലഭ്യത ഇത്രത്തോളം വര്‍ദ്ധിക്കാന്‍ കാരണവും. മത്തിയെയും അയലയെയും അപേക്ഷിച്ച് ചൂടുതാങ്ങാൻ കുറച്ച് കൂടി കരുത്ത് നത്തോലിക്ക് ഉണ്ട്. അതുകൊണ്ട് തന്നെ ഡിസംബർ അവസാനമാകുമ്പോഴേ ഇവന്‍ തീരം വിടൂ.
Discussion about this post