കോൺഗ്രസിനുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കങ്ങളും അസ്വാരസ്യങ്ങളും സ്വാഭാവികമാണെന്നും അത് പാർട്ടിയുടെ വിജയത്തെ ബാധിക്കില്ലെന്നും മുതിർന്ന നേതാവ് എ.കെ ആന്റണി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം ദിവസം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പണ്ടത്തെ കാലത്തെ അപേക്ഷിച്ച് നോക്കിയാൽ ഇപ്പോൾ പാർട്ടിയിൽ നടക്കുന്നതൊന്നും ഒരു പൊട്ടിത്തറിയല്ലെന്നും ആന്റണി പരിഹസിച്ചു.
2001-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങൾ ഉദാഹരിച്ചായിരുന്നു ആന്റണിയുടെ വാക്കുകൾ. “2001-ൽ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെയാണ് മൂന്ന് സ്ഥാനാർത്ഥികളെ മാറ്റേണ്ടി വന്നത്. എന്നിട്ടും അന്ന് യുഡിഎഫ് 99 സീറ്റുകൾ നേടിയാണ് അധികാരത്തിൽ വന്നത്. അതുകൊണ്ട് ഇപ്പോൾ കാണുന്ന ചെറിയ പരാതികൾ വിജയത്തെ ബാധിക്കില്ല,” അദ്ദേഹം വ്യക്തമാക്കി. വിഷു കഴിഞ്ഞേ തിരഞ്ഞെടുപ്പ് ഉണ്ടാവുകയുള്ളൂ എന്നാണ് കരുതിയിരുന്നതെന്നും എന്നാൽ വളരെ വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ പാർട്ടിക്കായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












