ജയ്പൂർ : രണ്ടുമാസത്തിനുശേഷം ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് ക്ഷേത്രം ഭാരവാഹികൾ കണ്ടത്. ഒരു കിലോ തൂക്കമുള്ള സ്വർണ്ണ ബിസ്ക്കറ്റ് മുതൽ നിരവധി വിലയേറിയ കാണിക്കകളായിരുന്നു ഭണ്ഡാരത്തിൽ ഉണ്ടായിരുന്നത്. രാജസ്ഥാനിലെ ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ ആണ് ഈ ഞെട്ടിക്കുന്ന കാണിക്കകൾ ലഭിച്ചത്.
23 കോടി രൂപയും സ്വർണത്തിന്റെയും വെള്ളിയുടെയും നിരവധി കാണിക്കകളുമാണ് രണ്ടുമാസം കൊണ്ട് ഈ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും ലഭിച്ചത്.
ക്ഷേത്രത്തിൽ ഇതുവരെ ലഭിച്ചിട്ടുള്ള റെക്കോർഡ് സംഭവാനയാണിത്. ഒരു കിലോ ഭാരമുള്ള ഒരു സ്വർണ്ണ ബിസ്‌കറ്റ്, നിരവധി ചെറിയ സ്വർണ ബിസ്കറ്റുകൾ, ഒരു വെള്ളി പിസ്റ്റൾ, വെള്ളി കൊണ്ടുള്ള കൈവിലങ്ങുകൾ തുടങ്ങി അപൂർവ്വമായ കാണിക്കകളാണ് ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നും ലഭിച്ചത്.
രാജസ്ഥാനിലെ ഏറ്റവും പ്രശസ്തമായ കൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് സാൻവാലിയ സേത്ത് ക്ഷേത്രം.
ചിറ്റോർഗഢിൽ നിന്ന് 40 കിലോമീറ്റർ അകലെ ചിറ്റോർഗഡ്-ഉദയ്പൂർ ഹൈവേയിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത്തവണ ലഭിച്ച റെക്കോർഡ് വരുമാനത്തോടെ രാജ്യത്തിന്റെ ആകെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് സാൻവാലിയ സേത്ത് ക്ഷേത്രം.
Discussion about this post