യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് അതായത് യുപിഐ വഴി ഇനി ചെറു ബാങ്കുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് അതിവേഗം വായ്പ നേടാനുള്ള സൗകര്യമൊരുങ്ങുന്നു. . 2023ല്‍ നിലവില്‍ വന്ന യുപിഐ ക്രെഡിറ്റ് ലൈന്‍ സൗകര്യം ഇപ്പോള്‍ വാണിജ്യബാങ്കുകളില്‍ മാത്രമാണുള്ളത്. ഇനി മുതല്‍ ഇത് ചെറു ബാങ്കുകളിലും അവതരിപ്പിക്കുമെന്നും ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. റിസര്‍വ് ബാങ്ക് പണനയ നിര്‍ണയ സമിതിയുടെ (എംപിസി) പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കുന്ന യുപിഐ ആപ്പ് മുഖേന ഉപഭോക്താക്കള്‍ക്ക് യുപിഐ ക്രെഡിറ്റ് ലൈന്‍ സേവനം നേടാം. യുപിഐ ആപ്പില്‍ നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്ക് തിരഞ്ഞെടുത്തശേഷം യുപിഐ പിന്‍ ജനറേറ്റ് ചെയ്തു സേവനം നേടാനാകും. മുന്‍കൂര്‍ അംഗീകൃതമായ കുറഞ്ഞ തുകയും കുറഞ്ഞ തിരിച്ചടവ് കാലാവധിയുമുള്ള വായ്പകളാകും ചെറുബാങ്കുകളിലൂടെ ലഭിക്കുക.
ചെറുബാങ്കുകളുടെ സേവനം കൂടുതലും ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലുമാണെന്നതിനാല്‍, ക്രെഡിറ്റ് ലൈന്‍ ഓണ്‍ യുപിഐ സേവനം വ്യാപിപ്പിക്കുന്നത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) കൂടുതല്‍ ശക്തമാക്കാനും സാധാരണക്കാരായ വ്യക്തികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും പണലഭ്യത ഉടനടി ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Discussion about this post