ന്യൂഡൽഹി : ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരികോത്സവമാണ് അഷ്ടലക്ഷ്മി മഹോത്സവം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക സമൃദ്ധിയും സാമ്പത്തിക സാധ്യതകളും ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായാണ് ഡിസംബർ 6 മുതൽ 8 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം നടക്കുന്നത്.
ഇന്ത്യയുടെ വളർച്ചയെ മുന്നോട്ട് നയിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അപാരമായ ശേഷിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക, സാമ്പത്തിക മാപ്പിലെ ഒരു പ്രധാന ഭൂപ്രദേശമാണ് വടക്ക് കിഴക്കൻ ഇന്ത്യ. ഈ പ്രദേശത്തിന് ഊർജസ്വലമായ സംസ്‌കാരവും ചലനാത്മകതയുള്ള ജനങ്ങളുമുണ്ടെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ഇന്ത്യയുടെ പൈതൃകത്തിലേക്കുള്ള അവരുടെ വൈവിധ്യമാർന്ന സംഭാവനകളുടെയും പ്രതീകമായാണ് ഈ സാംസ്കാരികോത്സവത്തിന് അഷ്ടലക്ഷ്മി മഹോത്സവം എന്ന പേര് നൽകിയിരിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തനതായ തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, കാർഷിക ഉൽപന്നങ്ങൾ, ടൂറിസം അവസരങ്ങൾ എന്നിവയുടെ പ്രദർശനശാലകൾ അടുത്ത മൂന്ന് ദിവസങ്ങളിലായി ഭാരത് മണ്ഡപത്തിൽ ഉണ്ടായിരിക്കും.
Discussion about this post