കണ്ണൂർ : എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ടിട്ടുള്ള പ്രതിയായ സിപിഐഎം നേതാവ് പി പി ദിവ്യയ്ക്ക് പുതിയ പദവി. കണ്ണൂർ ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം ആയാണ് പി പി ദിവ്യയെ നിയമിച്ചിരിക്കുന്നത്. നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പി പി ദിവ്യ നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് രാജിവെക്കേണ്ടി വരികയായിരുന്നു.
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസ് സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ല എന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സിപിഎം ഇപ്പോൾ കേസിൽ പ്രതിയായ ദിവ്യയ്ക്ക് പുതിയ പദവി നൽകിയിരിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ധനകാര്യ സ്ഥിരം സമിതിയിൽ ഒഴിവ് വന്നതിനെ തുടർന്ന് സിപിഎം ഇടപെട്ട് ദിവ്യയെ ചുമതല ഏൽപ്പിക്കുകയായിരുന്നു. ദിവ്യയെ കൂടി ഉൾപ്പെടുത്തി ധനകാര്യ സ്ഥിരം സമിതി പുനസംഘടിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
നവീൻ ബാബുവിന്റെ മരണത്തിന് കാരണമായ കുറ്റത്തിന് പി പി ദിവ്യ അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ടപ്പോൾ പാർട്ടി ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അടവാണെന്ന് അന്നേ പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു. ജാമ്യം ലഭിച്ച് വൈകാതെ തന്നെ പി പി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്തിൽ തന്നെ പുതിയ പദവി നൽകിയത് വഴി സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
Discussion about this post