ആലപ്പുഴ: ജി സുധാകരനെക്കുറിച്ചുള്ള മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. മഹാനായ നേതാവാണ് അദ്ദേഹമെന്നും ജി സുധാകരനെ അവഗണിച്ചിട്ടില്ലെന്നും ജി സുധാകരന്‍ നല്ല മന്ത്രിയെന്ന് പേരെടുത്തയാളെന്നുമാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാട്. പാര്‍ട്ടി പരിപാടികളില്‍ ജി സുധാകരനെ പങ്കെടുപ്പിക്കുമെന്നും ആര്‍ നാസര്‍ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തില്‍ സജീവമാക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മുന്‍ നിലപാടില്‍ നിന്നുമുള്ള സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ മലക്കം മറിച്ചില്‍. സാധാരണ അം?ഗമായതിനാലാണ് അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേയ്ക്ക് ജി സുധാകരനെ ക്ഷണിക്കാതിരുന്നതെന്ന ആര്‍ നാസറിന്റെ നിലപാട് നേരത്തെ വിവാദമായിരുന്നു.
സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. ഉദ്ഘാടന സമ്മേളനത്തില്‍ നിന്നും പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കുകയായിരുന്നു. സുധാകരന്റെ വീടിനടുത്തായിരുന്നു പൊതുസമ്മേളന വേദി. ഇതിന് പിന്നാലെ ജി സുധാകരനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ രംഗത്ത് വരികയായിരുന്നു. സുധാകരനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ആര്‍ നാസര്‍ വ്യക്തമാക്കിയത്. നിലവില്‍ പാര്‍ട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തിരുന്നു.
ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം വിവാദമാകുകയും കോണ്‍ഗ്രസും ബിജെപിയുമെല്ലാം സുധാകരനെ അവരുടെ പാര്‍ട്ടികളിലേയ്ക്ക് ക്ഷണിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടില്‍ അതൃപ്തിയുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.
Discussion about this post