മുംബൈ : മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുമായുള്ള ബന്ധം ഉപേക്ഷിച്ച് സമാജ്‌വാദി പാർട്ടി. ശിവസേന യുബിടി വിഭാഗം നേതാവ് ഉദ്ധവ് താക്കറെയുടെയും കോൺഗ്രസിന്റെയും നിലപാടുകളിൽ പ്രതിഷേധിച്ചാണ് സഖ്യം വിടുന്നതെന്ന് മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി അറിയിച്ചു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി), ശരദ് പവാറിൻ്റെ എൻസിപി (എസ്പി), കോൺഗ്രസ്, സമാജ്‌വാദി പാർട്ടി എന്നിവ ഉൾപ്പെടുന്ന മഹാരാഷ്ട്രയിലെ സഖ്യമാണ് മഹാ വികാസ് അഘാഡി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമായിരുന്നു ഈ സഖ്യത്തിന് മഹാരാഷ്ട്രയിൽ നേരിടേണ്ടി വന്നത്. 288 സീറ്റുകളിൽ മത്സരിച്ചെങ്കിലും വെറും 46 സീറ്റുകൾ മാത്രമാണ് മഹാ വികാസ് അഘാഡി നേടിയിരുന്നത്.
ഉദ്ധവിന്റെയും കോൺഗ്രസിന്റെയും അമിത ആത്മവിശ്വാസമാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് എന്ന് അബു ആസ്മി അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അനാവശ്യമായ രീതിയിലുള്ള അമിത ആത്മവിശ്വാസമാണ് കോൺഗ്രസ് കാണിക്കുന്നത്. ഹരിയാനയിലെ തോൽവിയിൽ നിന്ന് പോലും പാഠം പഠിച്ചില്ല. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ജയിക്കുമെന്ന് ഉറപ്പിച്ച കോൺഗ്രസ് നേതാക്കൾ മന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച നടത്തി. മഹാ വികാസ് അഘാഡിയിൽ പത്തോളം നേതാക്കൾ സ്വയം മുഖ്യമന്ത്രിയാകും എന്നും കരുതിയിരുന്നു എന്നും അബു ആസ്മി വിമർശിച്ചു. ഇനി ഈ സഖ്യത്തോടൊപ്പം തുടരാൻ ആവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post