ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി. ബംഗളൂരു എഫ്സിയോട് അവരുടെ തട്ടകത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. സൂപ്പർ താരം സുനിൽ ഛേത്രി നേടിയ ഹാട്രിക്കാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ അവസാനിപ്പിച്ചത്.
ഫസ്റ്റ് ഹാഫിൽ രണ്ട് ഗോളിന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരികെ വരാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ഇതിഹാസം ഛേത്രിയുടെ മികവിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. 8, 73 മിനിറ്റുകളിൽ സ്‌കോർ ചെയ്ത സുനിൽ ഛേത്രി, സ്റ്റോപ്പേജ് ടൈമിൽ തന്റെ ഹാട്രിക് തികയ്ക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിനായി ജീസസ് ജിമനെസും ഫ്രെഡി ലാലമാവയുമാണ് ലക്ഷ്യം കണ്ടത്. സ്‌കോർ 2-2 എന്ന നിലയിൽ എത്തിയപ്പോൾ ലീഡിനായി ബ്ലാസ്റ്റേഴ്‌സ് നന്നായി ശ്രമിച്ചെങ്കിലും ബംഗളൂരു പ്രതിരോധം എല്ലാ നീക്കങ്ങളും വിഫലമാക്കി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പ് ചീട്ടായ നോഹ സദോയിയെ ഇടത് വിംഗിൽ നന്നായി പൂട്ടാൻ ബംഗളൂരു ഡിഫൻഡർ നിഖിൽ പൂജാരിക്ക് സാധിച്ചു.
ആദ്യ പകുതിയിൽ നിറം മങ്ങിയതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ ജാഗ്രത കുറവ് മുതലെടുത്ത് കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റുകയായിരുന്നു ബംഗളൂരു എഫ്സി. കൊച്ചിയിൽ നടന്ന ഐഎസ്എല്ലിലെ ഈ സീസണിലെ ആദ്യ ലെഗ്ഗിലും ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.
കളിച്ച 11 മത്സരങ്ങളിൽ ആറിലും തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്ത് തുടരുകയാണ്. 11 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. 11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റ് സ്വന്തമാക്കിയ ബംഗളൂരു എഫ്സി ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.
Discussion about this post