ദമാസ്‌കസ് : ആഭ്യന്തരകലാപം സിറിയയിൽ രൂക്ഷമാകുന്നു. സിറിയയിൽ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതർ സൈന്യം. മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്തതായി ഹയാത് താഹ്രീർ അൽഷാം അവകാശപ്പെട്ടു. വിമത നീക്കത്തിനിടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടെന്ന് അഭ്യൂഹമുണ്ട്.
വടക്കുള്ള അലപ്പോ, മദ്ധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ര് അൽ സോർ എന്നീ നഗരങ്ങളാണ് വിമതർ പിടിച്ചെടുത്തത്. ഇതോടെ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂർണമായും പിടിച്ചെടുത്തു എന്നാണ് വിവരം. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കൻ പ്രദേശങ്ങളും കയ്യടക്കി. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു.
ഡമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിറിയൻ സൈന്യവും സുരക്ഷാ സേനയും പിൻവാങ്ങിയതായി ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് അറിയിച്ചു. വിമതരുടെ ആക്രമണത്തെ തുടർന്ന് ഉദ്യോഗസ്ഥരും സൈനികരും വിമാനത്താവളം ഉപേക്ഷിച്ചതായി സിറിയയിലെ സ്രോതസ്സുകളെ ആശ്രയിക്കുന്ന യുദ്ധ നിരീക്ഷകൻ റിപ്പോർട്ട് ചെയ്തു.
സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് ഇപ്പോഴും ദമാസ്‌കസിൽത്തന്നെയുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. അസദ് രാജ്യം വിട്ടതായി വിദേശമാദ്ധ്യമങ്ങൾ തെറ്റായ വാർത്ത പരത്തുകയാണെന്നും ആരോപിച്ചു. അസദിനെ പിന്തുണയ്ക്കുന്ന ഇറാനും തുർക്കിയും റഷ്യയും ദോഹയിൽ ചർച്ച നടത്തി.
Discussion about this post