ദമാസ്‌കസ് : ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് . തലസ്ഥാന നഗരമായ ദമാസ്‌കസ് അടക്കം വിമത സേന പിടിച്ചെടുത്തു. ഇതോടെ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടു. വിമാനത്തിൽ പ്രസിഡന്റ് അജ്ഞാത കേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇപ്പോൾ സിറിയ സ്വതന്ത്ര രാജ്യം ആയെന്നും ഏകാധിപത്യം അവസാനിച്ചു എന്നും വിമതർ പ്രഖ്യാപിച്ചു. ദമാസ്‌കസിലടക്കം പലയിടത്തും ജനങ്ങൾ പ്രസിഡന്റിന്റെ പ്രതിമകൾ തകർത്തുകളഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വാഹനങ്ങളിൽ യന്ത്രതോക്കുകൾ ഉപയോഗിച്ച് വെടിയുതിർത്ത് വിമതർ കൂടുതൽ മേഖലകളിലേക്ക് കയറുകയാണ്. 13 വർഷമായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയിൽ ഇതിനോടകം 5 ലക്ഷത്തോളം ആളുകളാണ് മരണപ്പെട്ടിരിക്കുന്നത്. 13 വർഷമായി വിവിധ വിമതർ സയുധ സംഘടനകൾ സിറിയയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ദമാസ്‌കസ് പിടിച്ചെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഹയാത്ത് തഹരീർ അൽഷാം എന്ന സുന്നി സായുധ സംഘടന പിടിച്ചെടുത്തിരിക്കുകയാണ്.
പിതാവ് ഹഫീസ് അസദിന്റെ മരണത്തെത്തുടർന്ന് 2000-ൽ പ്രസിഡന്റ് ബാഷർ അൽ-അസാദ് അധികാരമേറ്റതോടെ അഞ്ച് പതിറ്റാണ്ടിലേറെയായി സിറിയ ഭരിക്കുന്നത് അസദ് കുടുംബമാണ്. നീണ്ട 54 വർഷത്തെ അസദ് കുടുംബത്തിന്റെ ഭരണം ഇതോടെ അവസാനിച്ചിരിക്കുകാണ്. ഇപ്പോൾ ദമാസികസിലേക്ക് ഇവർ കടന്നുകയറി. പ്രധാന സർക്കാർ കാര്യാലയങ്ങളുടെ നിയന്ത്രണങ്ങൾ പിടിച്ചെടുത്തു. അൽപ്പസമയത്തിനകം ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യും എന്നും വിമതർ പറഞ്ഞു.
Discussion about this post