കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വിരിച്ച ഡിജിറ്റല്‍ അറസ്റ്റ് വലയില്‍ ചെന്ന് വീണ്ടും കുടുങ്ങുകയാണ് ആളുകള്‍. കൂടുതലായും വയോജനങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സിറ്റി പോലീസ് പരിധിയില്‍ ഒരുമാസത്തിനിടെ സൈബര്‍ തട്ടിപ്പിലൂടെ മൂന്നുപേരില്‍നിന്ന് മൂന്നുകോടിയോളം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. കൊട്ടിയം, കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട് സ്വദേശികളില്‍നിന്നാണ് പണം തട്ടിയത്. തനിച്ച് താമസിക്കുന്ന കൊട്ടിയം സ്വദേശിയായ 62 വയസ്സുകാരിയെ മുംബൈ സൈബര്‍ പോലീസെന്ന വ്യാജേനയാണ് വിളിച്ചത്. അവരുടെ പേരില്‍ അയച്ചുകിട്ടിയ പാര്‍സലില്‍ എം.ഡി.എം.എ. ഉണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ബന്ധു ഇടപെട്ട് ഇക്കാര്യം പോലീസില്‍ അറിയിക്കുകയും പോലീസ് എത്തി അവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. അപ്പോഴേക്കും 92 ലക്ഷത്തോളം രൂപ അവര്‍ക്ക് നഷ്ടമായിരുന്നു.
സമാനമായ അനുഭവമാണ് കൊല്ലം വെസ്റ്റ് സ്വദേശിയായ വയോധികയ്ക്കും ഉണ്ടായത്. ഇവരുടെ നമ്പരിലേക്ക് കൂറിയര്‍ കമ്പനിയില്‍നിന്നാണെന്നു പറഞ്ഞ് വിളിക്കുകയും മുംബൈയില്‍നിന്ന് ബെയ്ജിങ്ങിലേക്ക് ഒരുപാഴ്‌സല്‍ പോയിട്ടുള്ളതായും ഈ പാഴ്‌സലില്‍ അഞ്ച് ലാപ്‌ടോപ്പ്, പാസ്പോര്‍ട്ട്, ബാങ്ക് രേഖകള്‍ എന്നിവ കൂടാതെ 400 ഗ്രാം എംഡി.എം.എ.യും ഉള്ളതായി കണ്ടെത്തിയെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഒരുകോടി അഞ്ചുലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചാണ് അഞ്ചാലുംമൂട് സ്വദേശിയില്‍നിന്ന് തട്ടിപ്പുസംഘം പണം തട്ടിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഒരുകോടിയോളം രൂപ തട്ടിയെടുത്തു. സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരു ഉന്നതവ്യക്തിയെ കൊല്ലത്തെ പ്രമുഖ ഹോട്ടലില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം സിറ്റി സൈബര്‍ പോലീസെത്തി ഇത് തട്ടിപ്പാണെന്ന് അവരെ ബോധ്യപ്പെടുത്തിയത്
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കുക.
Discussion about this post