ഇന്‍ഡിഗോയും മഹീന്ദ്രയും തമ്മില്‍ പേരിന്മേലുള്ള യുദ്ധം വഴിത്തിരിവിലേക്ക് . ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇലക്ട്രിക് എസ്യുവി ‘ബിഇ 6ഇ’ യുടെ പേര് ‘ബിഇ 6’ എന്നാക്കി മാറ്റുമെന്ന് അറിയിച്ചിരിക്കുകയാണ് മഹീന്ദ്ര. വാഹനത്തിന്റെ പേരു മാറ്റുമെങ്കിലും ഇന്‍ഡിഗോയുമായുള്ള പേരിന്മേലുള്ള നിയമ യുദ്ധം തുടരുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. 6E എന്നത് കോള്‍ സൈനായും മറ്റു പല വിഭാഗങ്ങളിലും ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉപയോഗിക്കുന്നതാണ്. മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവിക്ക് ബിഇ 6ഇ എന്നു പേരിട്ടതിനെതിരെ ഇന്‍ഡിഗോ നിയമ നടപടിയുമായി എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.
അതേസമയം, ഇന്‍ഡിഗോയുടെ ട്രേഡ് മാര്‍ക്കുമായി തങ്ങളുടെ കാറിന്റെ പേരായ ബിഇ 6ഇക്ക് ബന്ധമില്ലെന്നാണ് ഡിസംബര്‍ ഏഴിന് പുറത്തിറക്കിയ പ്രസ്താവനയിലും മഹീന്ദ്ര ആവര്‍ത്തിക്കുന്നത്. ടാറ്റമോട്ടോഴ്സ് ഇന്‍ഡിഗോ എന്ന പേരില്‍ തന്നെ കാറുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന കാര്യവും പ്രസ്താവനയില്‍ മഹീന്ദ്ര എടുത്തു പറയുന്നുണ്ട്.
‘6ഇ എന്നതല്ല ബിഇ 6ഇ എന്നതാണ് മഹീന്ദ്രയുടെ മാര്‍ക്ക്. ഇത് എയര്‍ലൈനായ ഇന്‍ഡിഗോയുടെ 6ഇയുമായി അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമാണ്. ഇന്റര്‍ ഗ്ലോബ് അവരുടെ എയര്‍ലൈനായ ഇന്‍ഡിഗോക്ക് ആ പേര് ഉപയോഗിക്കുന്നതിനെ ടാറ്റ മോട്ടോഴ്സ് എതിര്‍ത്തിരുന്നു. അവരുടെ ഇന്‍ഡിഗോ കാറുകളുടെ പേര് എയര്‍ലൈന് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഈ പരാതിക്കെതിരെ വ്യത്യസ്ത വിഭാഗവും വ്യവസായവുമാണ് ഇതെന്ന വാദമാണ് ഇന്‍ഡിഗോ ഉന്നയിച്ചിരുന്നത്.
എന്നാല്‍ പേരിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ പേരില്‍ ബിഇ 6ഇ ഉടമകളുടെ കൈകളിലേക്കെത്തുന്നത് വൈകില്ലെന്നും മഹീന്ദ്ര വ്യക്തമാക്കുന്നുണ്ട്. നിയമപരമായ കുരുക്കുകള്‍ ഒഴിവാക്കുന്നതിനായി ബിഇ 6ഇയുടെ പേരില്‍ നിന്നും ‘ഇ’ എടുത്തു കളയുമെന്നാണ് നിലവില്‍ മഹീന്ദ്ര അറിയിക്കുന്നത്.
Discussion about this post