കൂണ്‍ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രിയങ്കരമായ ഒരു ഭക്ഷ്യവിഭവമാണെന്നതില്‍ തര്‍ക്കമില്ല. കുറഞ്ഞ കലോറി, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ അവ ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണം കൂടിയാണ്. ഇപ്പോഴിതാ പുതിയ പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ദിവസവും അഞ്ച് ചെറിയ കൂണ്‍ കഴിക്കുന്നത് ഹൃദ്രോഗം, കാന്‍സര്‍, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍.
ഈ ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങള്‍ കൂണിലടങ്ങിയിരിക്കുന്ന രണ്ട് ശക്തമായ ആന്റിഓക്സിഡന്റുകള്‍ മൂലമാണ് ലഭിക്കുന്നത് – എര്‍ഗോത്തിയോണും ഗ്ലൂട്ടത്തയോണുമാണ് അവ ഈ സംയുക്തങ്ങള്‍ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു, യുഎസിലെ പെന്‍ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ പ്ലാന്റ് ആന്‍ഡ് മഷ്‌റൂം പ്രൊഡക്ട്‌സ് ഫോര്‍ ഹെല്‍ത്തിന്റെ ഡയറക്ടര്‍ റോബര്‍ട്ട് ബീല്‍മാന്‍ പറയുന്നതിങ്ങനെ ‘ഈ രണ്ട് ആന്റിഓക്സിഡന്റുകളുടെയും ഏറ്റവും ഉയര്‍ന്ന ഭക്ഷണ സ്രോതസ്സ് കൂണുകളാണ്, കൂടാതെ ചില ഇനങ്ങള്‍ രണ്ടിലും അസാധാരണമായി സമ്പുഷ്ടമാണ്.’
ആഗോളതലത്തില്‍ ഏകദേശം 14,000 തരം കൂണുകള്‍ കാണപ്പെടുന്നുണ്ടെങ്കിലും അവയെല്ലാം ഉപഭോഗത്തിന് സുരക്ഷിതമല്ല. ഡെത്ത് ക്യാപ് അല്ലെങ്കില്‍ ഡിസ്‌ട്രോയിംഗ് എയ്ഞ്ചല്‍സ് പോലുള്ള വിഷമുള്ള ഇനങ്ങള്‍, പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്ന ചില സൈക്കഡെലിക് കൂണുകള്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, ബട്ടണുകള്‍, ചിപ്പി കൂണുകള്‍, ഷൈറ്റേക്ക് കൂണ്‍ എന്നിവ പോലുള്ള നിരവധി ഭക്ഷ്യയോഗ്യമായ ഇനങ്ങള്‍ സുരക്ഷിതമാണ്, മാത്രമല്ല പോഷകങ്ങളാല്‍ നിറഞ്ഞതുമാണ്.
കൂണ്‍ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍
– ഹൃദയാരോഗ്യം: കൂണിലെ കുറഞ്ഞ സോഡിയം-പൊട്ടാസ്യം അനുപാതം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നു.
– രോഗപ്രതിരോധം: കൂണിലെ സെലിനിയം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും വീക്കം നേരിടാന്‍ സഹായിക്കുകയും ചെയ്യുന്നു.
– വെയ്റ്റ് മാനേജ്മെന്റ്: ഉയര്‍ന്ന പ്രോട്ടീനും നാരുകളുമുള്ള കൂണില്‍ കലോറി കുറവാണ്, ഭാരം നിയന്ത്രിക്കുന്നതിന് അനുയോജ്യമാക്കുന്നു.
– കാന്‍സര്‍ പ്രതിരോധം: കൂണിലെ ആന്റിഓക്സിഡന്റുകള്‍, പ്രത്യേകിച്ച് എര്‍ഗോത്തയോണിന്‍, കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിലൂടെ ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു.
– തലച്ചോറിന്റെ ആരോഗ്യം: കൂണ്‍ പതിവായി കഴിക്കുന്നത് വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
Discussion about this post