ശ്രീനഗർ: ഭീകരവാദം കൊണ്ട് ഇന്ത്യയിൽ അശാന്തി പടർത്താൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് പാകിസ്താൻ. ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ഭീകരരുമായി ആശയവിനിമയം നടത്താൻ പാകിസ്താൻ ‘ഹ്യൂമൻ കൊറിയറുകളെ’ നിയോഗിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐ ആണ് ഇതിന് പിന്നിൽ എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
ഭീകരവാദത്തിൽ ആകൃഷ്ടരാകുന്ന യുവാക്കളെയാണ് ഹ്യൂമൻ കൊറിയറുകളായി ഉപയോഗിക്കുന്നത്. ശക്തമായ ലഹരിമരുന്നുകൾ നൽകി ഇവരെ മാനസിക വിഭ്രാന്തി ഉള്ളവരാക്കുകയാണ് ഈ പ്രക്രിയയിലെ ആദ്യ പടി. ഇതിനിടെ പോലീസിന്റെ ചോദ്യം ചെയ്യലുകളെ നേരിടുന്നതിനുള്ള പരിശീലനവും ഇവർക്ക് നൽകും. ശേഷം അതിർത്തി കടത്തും. ജയിലിൽ കഴിയുന്ന ഭീകര നേതാക്കൾക്കായുള്ള സന്ദേശവും ആയിട്ടായിരിക്കും ഇവർ അതിർത്തി കടക്കുക.
അതിർത്തി കടക്കുന്ന ഇവർ സുരക്ഷാ സേനയുടെ ശ്രദ്ധയിൽപെടണമെന്നാണ് ചട്ടം. എന്നാൽ മാത്രമേ ഇവർക്ക് ജയിലിൽ എത്താൻ സാധിക്കുകയുള്ളൂ. ജയിലിൽ എത്തുന്ന ഇവർ ഭീകരർക്ക് സന്ദേശം കൈമാറും. ഇതാണ് ഹ്യൂമൻ കൊറിയറുകളുടെ രീതി.
അടുത്തിടെ ഇത്തരത്തിൽ അതിർത്തി കടന്ന് എത്തിയ ആൾ പോലീസിന്റെ പിടിയിൽ ആയിരുന്നു. ഇയാളിൽ നിന്നും അറബിയിൽ എഴുതിയ സന്ദേശം പിടിച്ചെടുത്തതോടെയാണ് ഹ്യൂമൻ കൊറിയറുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്തു. എന്നാൽ യാതൊരു വിവരവും ഇയാളിൽ നിന്നും ഉദ്യോഗസ്ഥർക്ക് ലഭിച്ചില്ല. ഇതോടെയാണ് ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള തന്ത്രം ഇവരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് വ്യക്തമായത്.
Discussion about this post