ആധുനിക കാലത്ത് പൊതുജനവും സൈന്യവും നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് ഡ്രോണുകളാണ്. വളരെ ചെറിയ മുതൽ മുടക്കിൽ പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരേ ആക്രമണം നടത്താമെന്നതാണ് ഡ്രോണുകളെ അപകടകാരികളാക്കുന്നത്. യമനിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകൾക്ക് നേരേയും ഇസ്രേയലിനു നേരേയുമൊക്കെ ഹൂതികൾ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളും ഇസ്രേയലിനു നേർക്ക് ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണങ്ങളും കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്.
ഒരു കൈത്തോക്കിൻ്റെ പോലും ചിലവില്ലാതെ സൈനികത്താവളങ്ങൾക്ക് വരെ വലിയ നാശമുണ്ടാക്കാനാവും വിധം ആക്രമണമഴിച്ചു വിടാൻ ചെറിയ ഡ്രോണുകൾ മതി. ഉക്രൈനിലും റഷ്യയിലും എല്ലാം സമീപകാലത്ത് ഡ്രോണുകളുടെ ഈ പ്രഹരശേഷി വ്യക്തമായതാണ്. ദശകോടിക്കണക്കിന് രൂപയുടെ അയൺ ഡോം പോലെയുള്ള മിസൈൽ വേധ സംവിധാനങ്ങൾ പോലും ചെറിയ ഡ്രോണുകളുടെ മുന്നിൽ പരാജയപ്പെടുകയാണ്.
ലോകമെമ്പാടുമുള്ള ഭീകരഗ്രൂപ്പുകൾക്ക് ഡ്രോൺ സാങ്കേതികവിദ്യ ലഭിച്ചിരിക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന് പ്രതിരോധവിദഗ്ധർ കാലങ്ങളായി ആശങ്കപ്പെടുന്നുണ്ട്. യമനിലും ലെബനനിലും നിന്നുണ്ടാായ ഡ്രോൺ ആക്രമണങ്ങളോടെ ഈ ഭീതി ശരിയെന്ന് തന്നെ തെളിയുന്നു. സിഗ്നൽ ജാമിങ് പോലെയുള്ള സാങ്കേതികവിദ്യകളെ പോലും മറികടന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയിരുന്ന് ഡ്രോണുകൾ നിയന്ത്രിക്കാമെന്നത് ഇവയുടെ പ്രഹരശേഷി വർദ്ധിപ്പിക്കുന്നു. മാത്രമല്ല ചെറു ഡ്രോണുകളുടെ ഒരു വ്യൂഹമുപയോഗിച്ച് (drone swarm) വലിയ ആഘാതമുണ്ടാക്കുന്ന സാങ്കേതികവിദ്യയും ഭീകരവാദികളുടെ കൈയ്യിൽപ്പെട്ടിട്ടുണ്ടോ എന്ന് പ്രതിരോധ സാങ്കേതികവിദഗ്ധർ ആശങ്കപ്പെടുന്നുണ്ട്.
ആ അവസരത്തിലാണ് ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രോൺ വേധ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. ഉത്തർ പ്രദേശിലെ പ്രയാഗ് രാജ് പോലീസിനാണ് മഹീന്ദ്ര വികസിപ്പിച്ചെടുത്ത ഈ ഡ്രോൺ വേധ വ്യൂഹം പരിചയപ്പെടുത്തിയത്. ശത്രു ഡ്രോണുകളെ കണ്ടെത്താനും അതിനെ നിരീക്ഷിച്ച് പിന്തുടരാനും നശിപ്പിക്കാനും പര്യാപ്തമായ സംവിധാനമാണ് മഹീന്ദ്രയുടെ ഡ്രോൺ വേധ സംവിധാനം.
സ്വയംപ്രവർത്തിക്കുന്ന ഈ സംവിധാനം മഹീന്ദ്രയുടെ തന്നെ കവചിത വാഹനമായ മഹീന്ദ്ര മാർക്‌സ്മാനിൽ (Mahindra Marksman) നിന്നാണ് നിയന്ത്രിക്കുക. മഹീന്ദ്ര പുതിയതായി നിർമ്മിക്കുന്ന ഈ കവചിത വാഹനത്തിലാണ് ഇതിൻ്റെ കമാൻഡ് ആൻഡ് കണ്ട്രോൾ ((C2) സംവിധാനം. നഗര പ്രദേശങ്ങളിൽ മുതൽ രാജ്യ അതിർത്തിയിൽ വരെ ഈ ഡ്രോൺ വേധ വ്യൂഹം പ്രവർത്തിപ്പിക്കാനാകും. വ്യവസായശാലകൾക്കും വിമാനത്താവളങ്ങൾക്കും എല്ലാം സുരക്ഷയൊരുക്കാൻ മഹീന്ദ്രാ ഡ്രോൺ വേധ സംവിധാനത്തിന് കഴിയുമെന്നാണ് ആനന്ദ് മഹീന്ദ്ര എക്സിൽ പങ്കുവച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്.
റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ചാവും ഡ്രോണുകളെ കണ്ടെത്തുന്നത്. കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയും (Artificial intelligence) ഈ ഡ്രോൺ വേധ സംവിധാനത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ സാങ്കേതികവിദ്യ പൂർണ്ണമായും സുരക്ഷാ സേനകൾക്ക് പങ്കുവയ്ക്കുമെന്നും ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു.
കേന്ദ്ര ഗവണ്മെൻ്റിൻ്റെ ആത്മനിർഭർ ഭാരത് പദ്ധതിയുമായി ചേർന്നാണ് മഹീന്ദ്ര ഈ ഡ്രോൺ വേധ സംവിധാനവും മഹീന്ദ്ര മാർക്സ്മാൻ കവചിതവാഹനവും നിർമ്മിച്ചിരിക്കുന്നത്. വിദേശകമ്പനികളെ ആശ്രയിക്കാതെ തദ്ദേശീയമായി വികസിപ്പിക്കുന്ന പ്രതിരോധ സാങ്കേതികവിദ്യ ദേശസുരക്ഷയ്ക്ക് വലിയ സംഭാവന നൽകുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.
അടുത്ത മാസം മുതൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ സുരക്ഷയൊരുക്കാനാണ് ഈ ഡ്രോൺ വേധ സംവിധാനം പ്രയാഗ്‌രാജ് പോലീസിന്പരിചയപ്പെടുത്തിയതെന്ന് ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു. കോടിക്കണക്കിന് ഭക്തരെത്തുന്ന ഈ കുംഭമേളയുടെ സമയത്ത് ഭീകരവാദികൾ ആക്രമണങ്ങൾ അഴിച്ചുവിടാൻ സാദ്ധ്യതയുള്ളത് കൊണ്ട് ശക്തമായ സുരക്ഷയാണ് പോലീസും സുരക്ഷാ സേനകളും ഒരുക്കുന്നത്.
Discussion about this post