ദമാസ്കസ് : സിറിയയിൽ ബഷാർ അൽ അസദിൻ്റെ സർക്കാരിനെ അട്ടിമറിച്ച് വിമതർ ഭരണം പിടിച്ചെടുത്തിരിക്കുകയാണ്. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഇപ്പോൾ സിറിയൻ ജനത. കഴിഞ്ഞ 24 വർഷമായി അസദിൻ്റെ നിയന്ത്രണത്തിൽ ആയിരുന്നു സിറിയ. ഏകദേശം മൂന്ന് പതിറ്റാണ്ടോളം സിറിയ ഭരിച്ച പിതാവ് ഹഫീസ് അൽ അസദിൻ്റെ പിൻഗാമിയായി 2000-ലായിരുന്നു ബഷാർ അൽ അസദ് അധികാരത്തിൽ വന്നത്. ഏകാധിപത്യ സ്വഭാവത്തിൽ 50 വർഷത്തിലേറെ അസദ് കുടുംബം സിറിയയെ തങ്ങളുടെ കൈ പിടിയിൽ ഒതുക്കി. എന്നാൽ ഇപ്പോൾ അബു മുഹമ്മദ് അൽ-ഗോലാനി എന്ന വിമതനേതാവിന്റെ നീക്കങ്ങളിലൂടെ അസദ് കുടുംബത്തിന് സിറിയയും ഭരണവും നഷ്ടപ്പെട്ടിരിക്കുകയാണ്.
അസദ് ഭരണം അവസാനിച്ചതിൽ സിറിയൻ ജനതയ്ക്ക് സന്തോഷമുണ്ട്. എന്നാൽ ഇനി രാഷ്ട്രത്തിന്റെ നേതൃത്വത്തിലേക്ക് വരുന്ന അബു മുഹമ്മദ് അൽ-ഗോലാനിയെ കുറിച്ച് ഓർക്കുമ്പോൾ ആശങ്കയും സിറിയൻ ജനത അനുഭവിക്കുന്നു. ഭീകര സംഘടനയായ അൽ-ഖ്വയ്ദയിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് അബു മുഹമ്മദ് അൽ-ഗോലാനി. എന്നാൽ കഴിഞ്ഞ നിരവധി വർഷങ്ങളായി ഇയാൾ അൽ-ഖ്വയ്‌ദയുമായുള്ള ദീർഘകാല ബന്ധം ഉപേക്ഷിച്ച് സ്വയം ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും വക്താവായി മാറിയിരിക്കുകയാണ്. എന്നാൽ ഇദ്ദേഹത്തിന്റെ ഈ സഹിഷ്ണുത എത്രകണ്ട് യാഥാർത്ഥ്യമാണ് എന്നുള്ള കാര്യത്തിൽ സിറിയൻ ജനതയ്ക്ക് യാതൊരു ഉറപ്പുമില്ല.
അഹമ്മദ് അൽ-ഷാറ എന്നാണ് അബു മുഹമ്മദ് അൽ-ഗോലാനിയുടെ യഥാർത്ഥ പേര്. അമേരിക്ക തീവ്രവാദിയെന്ന് മുദ്രകുത്തിയിട്ടുള്ള വ്യക്തിയാണ് ഈ 42കാരൻ. ഗോലാനിയുടെ നേതൃത്വത്തിലുള്ള വിമത സേനയായ ഹയാത്ത് തഹ്‌രീർ അൽ-ഷാം അഥവാ HTS ന്റെ പ്രവർത്തകരിൽ ഭൂരിഭാഗവും ഭീകരബന്ധം ഉള്ളവരും ജിഹാദികളും ആണ്.
ഒരുകാലത്ത് തനി തീവ്രവാദിയായിരുന്ന ഗോലാനി ഇപ്പോൾ തങ്ങളുടെ പരമ്പരാഗത വേഷം എല്ലാം വെടിഞ്ഞ് സ്യൂട്ട് ധരിച്ചാണ് മാധ്യമങ്ങൾക്ക് മുന്നിൽ പോലും എത്തുന്നത്. അസദ് ഭരണം അവസാനിപ്പിച്ചാൽ വിമതസേനയായ എച്ച്ടിഎസ് പിരിച്ചുവിടപ്പെടാമെന്ന് പോലും ഇദ്ദേഹം സിറിയയിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. സിറിയയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കാൻ സർക്കാർ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചും അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും എല്ലാം മാത്രമാണ് ഇപ്പോൾ ഗോലാനിയുടെ സംസാരം പോലും. എന്നാൽ ഗോലാനിയുടെ ചരിത്രം അറിയാവുന്ന സിറിയയിലെ സാധാരണ ജനതയ്ക്ക് തങ്ങളുടെ ഭാവി എന്താകും എന്നുള്ള വലിയ ഭയമുണ്ട്.
2003-ലാണ് അബു മുഹമ്മദ് അൽ-ഗോലാനി അൽ-ഖ്വയ്ദയിലുള്ള പ്രവർത്തനം ആരംഭിക്കുന്നത്. അബൂബക്കർ അൽ-ബാഗ്ദാദിയുടെ നേതൃത്വത്തിൽ തീവ്രവാദ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് രൂപീകരിച്ചതോടെ നുസ്ര ഫ്രണ്ട് എന്ന പേരിൽ അൽ-ഖ്വയ്ദയുടെ ഒരു ശാഖ സ്ഥാപിക്കാൻ അൽ-ബഗ്ദാദി ഇയാളെ സിറിയയിലേക്ക് അയച്ചു. പുതിയ ഗ്രൂപ്പിനെ അമേരിക്ക തീവ്രവാദ സംഘടനയായി മുദ്രകുത്തി. അബു മുഹമ്മദ് അൽ-ഗോലാനിയുടെ തലയ്ക്ക് യുഎസ് സർക്കാർ 10 മില്യൺ ഡോളർ വിലയും ഇട്ടിട്ടുണ്ട്.
ഐസിസ് രൂപീകരണത്തോടെയാണ് അൽ ഗോലാനി അബൂബക്കർ അൽ-ബാഗ്ദാദിയുമായി ഇടയുന്നത്. ഗോലാനിയുടെ നേതൃത്വത്തിലുള്ള നുസ്ര ഫ്രണ്ട് പിരിച്ചുവിടാനും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ അല്ലെങ്കിൽ ഐസിസ് രൂപീകരിക്കാനുമുള്ള അൽ-ബാഗ്ദാദിയുടെ ആഹ്വാനങ്ങളെ ഗോലാനി എതിർക്കുകയും ധിക്കരിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സമാധാനത്തിനു വേണ്ടിയുള്ള ആയിരുന്നില്ല. സിറിയയെ സ്വന്തം കൈപ്പിടിയിൽ ഒതുക്കുക എന്നുള്ളതായിരുന്നു ഗോലാനിയുടെ ആത്യന്തിക ലക്ഷ്യം.
2014 അൽ ജസീറയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ
ഇസ്ലാമിക നിയമത്തിന് കീഴിൽ സിറിയ ഭരിക്കുന്നത് തൻ്റെ ലക്ഷ്യമാണെന്ന് ഗോലാനി വെളിപ്പെടുത്തി. അലവികൾ, ഷിയാ, ഡ്രൂസ്, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് സിറിയയിൽ ഇടമില്ലെന്നും അന്ന് അദ്ദേഹം വ്യക്തമാക്കി. 2016-ലാണ് അൽ-ഗോലാനി ആദ്യമായി ഒരു വീഡിയോ സന്ദേശത്തിലൂടെ തൻ്റെ മുഖം പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. അൽ-ഖ്വയ്ദയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അന്ന് അദ്ദേഹം വെളിപ്പെടുത്തി. തൻ്റെ ഗ്രൂപ്പ് ജബത്ത് ഫത്തേഹ് അൽ-ഷാം – സിറിയ കോൺക്വസ്റ്റ് ഫ്രണ്ട് എന്ന് പുനർനാമകരണം ചെയ്തതായും ഗോലാനി അറിയിച്ചു.
സൈനിക വേഷത്തിൽ ആയിരുന്നു പിന്നീടുള്ള ഗോലാനിയുടെ വീഡിയോ സന്ദേശങ്ങൾ പുറത്തുവന്നിരുന്നത്. തന്റെ യഥാർത്ഥ പേരായ അഹമ്മദ് അൽ-ഷാറ എന്ന പേരിൽ ആയിരുന്നു അദ്ദേഹം സന്ദേശങ്ങൾ പങ്കിട്ടിരുന്നത്. വടക്കുപടിഞ്ഞാറൻ സിറിയയിലെ പ്രധാന ശക്തിയായി ഗോലാനിയുടെ സംഘം മാറി. സിറിയൻ ജനതയുടെ ഒരു വിഭാഗത്തിൽ നിന്നും പിന്തുണ ലഭിക്കാൻ ആരംഭിച്ചതോടെ പതിയെ പതിയെ ഗോലാനി തന്റെ തീവ്ര ചിന്താഗതികളിൽ നിന്നും പുറത്തു കിടക്കുന്നതായി വ്യക്തമാക്കി. സൈനിക വേഷത്തിൽ നിന്നും മാറി പാശ്ചാത്യ ശൈലിയിൽ വസ്ത്രം ധരിക്കാൻ ആരംഭിച്ചു, മതസഹിഷ്ണുതയെ കുറിച്ച് സംസാരിക്കാൻ ആരംഭിച്ചു, അങ്ങനെ തന്നിലെ മാറ്റങ്ങൾ ഓരോ സന്ദേശങ്ങളിലൂടെയായി ഗോലാനി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു. അമേരിക്കയുടെ യൂറോപ്പിനോട് ഏറ്റുമുട്ടാനുള്ള യാതൊരു പദ്ധതിയും തങ്ങൾക്കില്ലെന്ന് വ്യക്തമാക്കിയത് കൂടാതെ പാശ്ചാത്യ രാജ്യങ്ങളോട് കൂറ് പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ തന്റെ സംഘടനയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിക്കണം എന്നും അദ്ദേഹം അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പുറത്തുവരുന്ന ചില ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രകാരം അമേരിക്കയുമായി അൽ ഗോലാനി അടുത്തതിന്റെ പരിണിതഫലമാണ് സിറിയയിലെ വിമത നീക്കവും അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതും എന്നും പറയപ്പെടുന്നു. കാലവും ഭരണവും മാറുമ്പോൾ അൽ-ഗോലാനിയുടെ യഥാർത്ഥ മുഖം എന്തായിരിക്കും എന്ന ആശങ്കയിലാണ് ഇപ്പോൾ സിറിയയിലെ ന്യൂനപക്ഷങ്ങൾ.
Discussion about this post