വയനാട്: ചൂരല്‍മല ഉരുൾപൊട്ടലിൽ ഉറ്റവരെയും അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ജീവിതത്തില്‍ പുതിയൊരു വെളിച്ചം. ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് സർക്കാർ ജോലി നൽകിയിരിക്കുന്നത്.
ശ്രുതിയുടെ താല്‍പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം നല്‍കിയിരിക്കുന്നത്. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ ഒരു സർക്കാർ ജോലി ശ്രുതിയുടെ സ്വപ്നമായിരുന്നു. അതാണ് ഇന്ന് പൂര്‍ത്തിയാവുന്നത്.
ചൂരല്‍മലയിലെ തന്റെ പ്രിയപ്പെട്ടവനോടൊപ്പം ഒരു ജീവിതം തുടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായതും അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടതും. കുടംബത്തിലെ 9 പേരാണ് അന്ന് ഒരുമിച്ച് മരണത്തിലേക്ക് ഒഴുകിപ്പോയി.
അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെ വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസണും മരിച്ചു. അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്.
അപകടത്തിലേറ്റ പരുക്കിൽ നിന്ന് പതിയെ കരകയറുകയാണ് ശ്രുതി. മാസങ്ങള്‍ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ശ്രുതിക്ക് കഴിയൂ.












