ന്യൂഡല്‍ഹി: ജോർജ്ജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ഒരു സംഘടനയുമായി മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി. കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക എന്ന ആശയത്തെ സോണിയ ഗാന്ധി പിന്തുണച്ചിട്ടുണ്ട്. ഈ അസോസിയേഷൻ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ സ്ഥാപനങ്ങളുടെ സ്വാധീനം കാണിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി. എക്‌സിലെ ഒരു പോസ്റ്റിലൂടെയായിരുന്നു ബിജെപിയുടെ പരാമര്‍ശം.
ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇൻ ഏഷ്യാ പസഫിക് (എഫ്‌ഡിഎൽ-എപി) ഫൗണ്ടേഷൻ്റെ കോ-പ്രസിഡൻ്റ് എന്ന നിലയിൽ ജോർജ്ജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ഒരു സംഘടനയുമായി സോണിയാ ഗാന്ധിക്ക് ബന്ധമുണ്ട്. സോണിയ ഗാന്ധിയും കശ്മീർ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന ആശയത്തെ പിന്തുണച്ച ഒരു സംഘടനയും തമ്മിലുള്ള ഈ ബന്ധം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ സ്ഥാപനങ്ങളുടെ സ്വാധീനമാണ് പുറത്ത് കാട്ടുന്നത്.
രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷ സ്ഥാനം ജോർജ്ജ് സോറോസ് ഫൗണ്ടേഷനുമായി ചേര്‍ന്നുള്ള അവരുടെ പങ്കാളിത്തത്തിലേക്ക് ആണ് നയിച്ചത്. ഇന്ത്യൻ സംഘടനകളിൽ വിദേശ ഫണ്ടിംഗിൻ്റെ സ്വാധീനം ആണ് ഇത് പ്രകടമാക്കുന്നത് എന്നും ബിജെപി വ്യക്തമാക്കി.
അതേസമയം, ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന ബിജെപിയുടെ ആരോപണം യുഎസ് തള്ളിക്കളഞ്ഞെങ്കിലും, ഈ വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് 10 ചോദ്യങ്ങൾ ഉന്നയിക്കുമെന്ന് പാർട്ടി എംപി നിഷികാന്ത് ദുബെ വ്യക്തമാക്കി. മാധ്യമ പോർട്ടലായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടും (ഒസിആർപി) സോറോസും ചേർന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനും പ്രതിപക്ഷവുമായി ഒത്തുകളിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post