ന്യൂഡൽഹി : റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ അടുത്ത ആർബിഐ ഗവർണറായി നിയമിച്ച് കേന്ദ്ര സർക്കാർ. 2024 ഡിസംബർ 11-ന് പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നിയമനം നടത്തിയിട്ടുള്ളത്. അടുത്ത മൂന്ന് വർഷത്തേക്കാണ് നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറാണ് സഞ്ജയ് മൽഹോത്ര.
2024 ഡിസംബർ 10നാണ് നിലവിലെ ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി അവസാനിക്കുന്നത്. ഇതേതുടർന്നാണ് മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ഗവർണറായി കാബിനറ്റിൻ്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി സഞ്ജയ് മൽഹോത്രയെ നിയമിച്ചത്.
രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മൽഹോത്ര. ഐഐടി കാൺപൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ മൽഹോത്ര പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ധനകാര്യം, നികുതി, ഭരണം തുടങ്ങിയ മേഖലകളിൽ 33 വർഷത്തെ പരിചയമുള്ള മൽഹോത്ര ധനകാര്യ സേവന വകുപ്പിൻ്റെ സെക്രട്ടറിയായും റവന്യൂ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള പരിചയസമ്പന്നതയോടെയാണ് ആർബിഐ തലപ്പത്തേക്ക് എത്തുന്നത്.
Discussion about this post