ന്യൂഡൽഹി : പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി ജോർജ് സോറോസ്-കോൺഗ്രസ് ബന്ധം. ഹംഗേറിയൻ-അമേരിക്കൻ വ്യവസായിയും ലിബറൽ രാഷ്ട്രീയക്കാരനുമായ ജോർജ് സോറോസുമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെ ബന്ധം ബിജെപി പാർലമെന്റിൽ ചോദ്യം ചെയ്തു. ട്രഷറി ബെഞ്ചിലെ അംഗങ്ങളുടെ ആരോപണങ്ങളിൽ പാർലമെൻ്റ് നടപടികൾ പലതവണ തടസ്സപ്പെട്ടു.
അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിൻ്റെ പേരിൽ കോൺഗ്രസിനെ ബിജെപി രൂക്ഷമായി വിമർശിച്ചു. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന വിദേശ ശക്തികളുമായി കോൺഗ്രസ് ഒത്തുകളിക്കുകയാണെന്ന് ബിജെപി പാർലമെന്റിൽ വ്യക്തമാക്കി. ജോർജ് സോറോസ് ഫൗണ്ടേഷനുമായുള്ള സാമ്പത്തിക പങ്കാളിത്തത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടു.
സോണിയ ഗാന്ധി കോ-പ്രസിഡൻ്റ് ആയിട്ടുള്ള ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇൻ ഏഷ്യാ പസഫിക് (എഫ്‌ഡിഎൽ-എപി) ഫൗണ്ടേഷൻ ജോർജ് സോറോസ് ഫൗണ്ടേഷനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കഴിഞ്ഞദിവസം ബിജെപി നേതാവും എംപിയും ആയ നിഷികാന്ത് ദുബെ വ്യക്തമാക്കിയിരുന്നു. മാദ്ധ്യമ പോർട്ടലായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടും (ഒസിആർപി) ജോർജ് സോറോസും ചേർന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനും പ്രതിപക്ഷവുമായി ഒത്തു കളിക്കുകയാണെന്നും നിഷികാന്ത് ദുബെ വെളിപ്പെടുത്തിയിരുന്നു.
Discussion about this post