ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന ജനപ്രിയ പദ്ധതികളിൽ സ്ഥാനം പിടിക്കുകയാണ് ‘ആയുഷ്മാൻ വയ വന്ദന കാർഡ്’. രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി ഒരുക്കിയിരിക്കുന്ന ഈ പദ്ധതിയിൽ ഇന്ത്യയിലെമ്പാടുനിന്നുമായി നിരവധി വയോധികർ ഇതിനകം തന്നെ ചേർന്നു കഴിഞ്ഞു. പദ്ധതി ആരംഭിച്ച ശേഷമുള്ള രണ്ടു മാസത്തിനിടയിൽ 25 ലക്ഷം മുതിർന്ന പൗരന്മാരാണ് ആയുഷ്മാൻ വയ വന്ദന കാർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ വർഷം ഒക്ടോബർ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതി ആരംഭിച്ചിരുന്നത്. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ വിപുലീകരണമാണ് 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തുന്നത്. ആയുഷ്മാൻ വയ വന്ദന കാർഡ് 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നതാണ്.
പദ്ധതി ആരംഭിച്ച ശേഷമുള്ള രണ്ടുമാസത്തിനുള്ളിൽ തന്നെ രാജ്യത്തുടനീളമുള്ള 22,000-ത്തിലധികം മുതിർന്ന പൗരന്മാർ ഈ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്. 40 കോടിയിലധികം രൂപയുടെ ചികിത്സയാണ് ഈ പദ്ധതി വഴി ഇതുവരെ നൽകിയിരിക്കുന്നത്.
ഈ ചികിത്സകളിൽ കൊറോണറി ആൻജിയോപ്ലാസ്റ്റി, ഹിപ് ഫ്രാക്ചർ, തിമിര ഓപ്പറേഷൻ, പിത്തസഞ്ചി ഓപ്പറേഷൻ, പ്രോസ്റ്റേറ്റ് റിസക്ഷൻ, സ്ട്രോക്ക് ചികിത്സ, ഹീമോഡയാലിസിസ്, മറ്റ് രോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഈ കാർഡിന് അർഹതയുള്ള മുതിർന്ന പൗരന്മാർക്ക് പല തരത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് . എംപാനൽ ചെയ്ത ഏതെങ്കിലും ആശുപത്രി സന്ദർശിച്ചോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്തോ അല്ലെങ്കിൽ www.beneficiary.nha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ നേരിട്ട് രജിസ്റ്റർ ചെയ്യാം. സഹായത്തിനായും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനും പൗരന്മാർക്ക് ടോൾ ഫ്രീ നമ്പറായ 14555-ലേക്ക് വിളിക്കുകയോ 1800110770 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകുകയോ ചെയ്യാം.
Discussion about this post