ആലപ്പുഴ : ആലപ്പുഴയിലെ കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. വാക്വം ഡെലിവറിയിലെ പിഴവ് മൂലം കുഞ്ഞിന്റെ കൈ തളർന്നതായാണ് മാതാപിതാക്കൾ പരാതി ഉന്നയിക്കുന്നത്. നേരത്തെയും ഇതേ രീതിയിലുള്ള ആരോപണം ഉയർന്നിട്ടുള്ള ഡോക്ടര്‍ പുഷ്പക്കെതിരെയാണ് വീണ്ടും പരാതി ഉയർന്നിരിക്കുന്നത്.
കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ പ്രസവിച്ച മറ്റൊരു കുട്ടിയുടെ കൂടി കൈ തളര്‍ന്നുപോയതായാണ് പരാതി. വാക്വം ഡെലിവറിക്കിടയില്‍ ഉണ്ടായ പരിക്കാണ് തളര്‍ച്ചക്ക് കാരണമെന്നാണ് മെഡിക്കല്‍ കോളേജിലെ ചികിത്സാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രസവത്തിലെ പിഴവ് മൂലം കുഞ്ഞിന്റെ കൈ തളർന്നുപോയതായി ഡോക്ടർ പുഷ്പക്കെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.
അസാധാരണ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിലും പ്രതിയാണ് ഡോക്ടർ പുഷ്പ. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് വാക്വം ഡെലിവറിയിലൂടെ ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടെന്നാണ് പുതിയ പരാതി ഉള്ളത്. ആലപ്പുഴ തെക്കനാര്യാട് അവലുകുന്ന് പുത്തന്‍പുരയ്ക്കല്‍ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷിയാണ് ഇല്ലാതായത്. വിഷയത്തിൽ ആശുപത്രിയുടെയും പ്രസവം എടുത്ത ഡോക്ടർ പുഷ്പയുടെയും പിഴവ് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കി.
Discussion about this post