കൊല്ലം; സിപിഎമ്മിന്റെ കേരളത്തിലെ ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലാണ് സമ്മേളനങ്ങൾ ആരംഭിച്ചത്. ഡിസംബർ10 നാണ് സമ്മേളനത്തിന് തുടക്കമായത്. ഈ സമ്മേളന പരിപാടിയിൽ ബിയർ വിതരണം നടന്നുവെന്ന ആരോപണമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഉയരുന്നത്. ഈ ആരോപണം ഉയർത്തിക്കൊണ്ട് പ്രചരിക്കുന്ന വീഡിയോയിൽ,കൊല്ലം ജില്ലാ സമ്മേളന വേദിയിൽ നിന്ന് ഒരു കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന പാർട്ടി നേതാവ് ചിന്ത ജെറോമിനെ കാണാം. ക്യാമറകൾ കുപ്പിയിലേക്ക് ലക്ഷ്യമിടുന്നെന്ന് മനസ്സിലാക്കിയതോടെ ചിന്ത കുപ്പി ഡസ്കിനു താഴേക്ക് വെക്കുന്നതും വീഡിയോയിൽ കാണാം.
വേദിയിൽ ഇതേ രൂപത്തിലുള്ള കുപ്പികളും നിരത്തി വച്ചിരിക്കുന്നത് കാണാം. ഇത് ബിയർ ആണെന്ന രീതിയിലായിരുന്നു ട്രോളുകൾ വന്നത്. ഈറ്റ് ഡ്രിങ്ക് ആൻഡ് എൻജോയ്, ടുമാറോ വി മേ ഡൈ’ എന്നുതുടങ്ങുന്ന, നടൻ മുകേഷിന്റെ ശബ്ദത്തിലുള്ള സംഭാഷണവും വീഡിയോയ്ക്ക് ഒപ്പം ഉണ്ട്. പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നിൽ ഇങ്ങനെ പറയുന്നു: ‘യേശു വെള്ളം വീഞ്ഞ് ആക്കിയത് കൊങ്ങികൾക്ക് വിശ്വസിക്കാമെങ്കിൽ സിപിഎം ബിയർ കുപ്പിയിൽ കരിങ്ങാലി വെള്ളം ഇറക്കിയതും കൊങ്ങികൾ വിശ്വസിച്ചേ മതിയാകൂ.
സംഭവം വൈറലായതോടെ വിശദീകരണവുമായി കൊല്ലം ജില്ലാ കമ്മറ്റി ഓഫീസ് രംഗത്തെത്തി. കരിങ്ങാലി വെള്ളമാണ് സമ്മേളനത്തിന് വിതരണം ചെയ്തത്. സമ്മേളനത്തിന് ഹരിത പ്രോട്ടോകോൾ പാലിക്കണം എന്നത് പാർട്ടി തീരുമാനമാണ്. ഇതിനാലാണ് പ്ലാസ്റ്റിക് ബോട്ടിൽ ഒഴിവാക്കിയത്. പകരം ചില്ലുകുപ്പിയിൽ വെള്ളം വിതരണം ചെയ്യുകയായിരുന്നു. വലിയ തോതിൽ കുപ്പികൾ ആവശ്യമായിരുന്നു. മാർക്കറ്റിൽ വാങ്ങാൻ കിട്ടിയ കുപ്പിയുടെ ആകൃതി ബിയർ കുപ്പിയുടേത് ആയിപ്പോയി എന്നേയുള്ളൂ. അതിൽ വിതരണം ചെയ്തത് കരിങ്ങാലി വെള്ളമായിരുന്നുവെന്ന് പാർട്ടി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
എന്തായാലും ബിയർ കുപ്പിയിൽ കരിങ്ങാലി വെള്ളം കുടിച്ചത് പണിയായെന്ന് പാർട്ടിയിൽ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. പണി കിട്ടാനുള്ളത് കിട്ടി ഇനിയിപ്പോൾ പത്രക്കുറിപ്പ് ഇറക്കിയിട്ട് കാര്യമുണ്ടോ എന്നാണ് അണികളുടേയും ചില നേതാക്കളുടേയും ചോദ്യം.
Discussion about this post