കാബൂൾ : അഫ്ഗാനിസ്ഥാനിലെ കേന്ദ്ര മന്ത്രാലയത്തിൽ സ്ഫോടനം. കാബൂളിലെ അഭയാർത്ഥി മന്ത്രാലയ കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തിൽ താലിബാൻ്റെ അഭയാർത്ഥി മന്ത്രി ഖലീൽ റഹ്മാൻ ഹഖാനി കൊല്ലപ്പെട്ടു. മന്ത്രിയുടെ ആറ് അംഗരക്ഷകരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സൈന്യം പിൻവാങ്ങിയതിന് ശേഷം താലിബാൻ അധികാരം പിടിച്ചെടുത്തതോടെയാണ് ഖലീൽ ഹഖാനി താലിബാൻ്റെ ഇടക്കാല സർക്കാരിൽ മന്ത്രിയായത്. തീവ്രവാദി വിഭാഗമായ ഹഖാനി ഗ്രൂപ്പിന്റെ മുതിർന്ന നേതാവായിരുന്നു.
സ്ഫോടനത്തിൽ ഖലീൽ ഹഖാനി കൊല്ലപ്പെട്ടതായി അദ്ദേഹത്തിൻ്റെ അനന്തരവൻ അനസ് ഹഖാനി ആണ് അറിയിച്ചത്. ധീരനായ മുജാഹിദിനെ ആണ് നഷ്ടപ്പെട്ടത് എന്നും അദ്ദേഹം തന്റെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഖലീൽ ഹഖാനിയേയും അദ്ദേഹത്തിന്റെ ത്യാഗത്തെയും തങ്ങൾ ഒരിക്കലും മറക്കില്ല എന്നും അനസ് ഹഖാനി സൂചിപ്പിച്ചു.
Discussion about this post