കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിംഗായ ഒരു ഫോട്ടോഷൂട്ടിന് പിന്നിലുള്ള കഥയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ജാപ്പനീസ് ഫോട്ടോഗ്രാഫര്‍ കെയ്സുകെ ജിനുഷി പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയത്. എന്താണ് ഈ ഫോട്ടോഷൂട്ടിന്റെ പ്രത്യേകതയെന്ന് നോക്കാം. ഇദ്ദേഹം ചിത്രത്തില്‍ തന്നോടൊപ്പം നിര്‍ത്തിയിരിക്കുന്നത് സാങ്കല്‍പ്പിക കാമുകിയെയാണ്. ഒരു വിഗ്ഗും പിന്നെ കുറച്ച് തട്ടിക്കൂട്ട് പണികളുമൊക്കെ ചെയ്ത് ഒരു സാങ്കല്പിക കാമുകിയെ സൃഷ്ടിച്ചു. പിന്നെ ആ കാമുകിക്ക് ഒപ്പമുള്ള ഫോട്ടോകള്‍ ഇദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ ഒറ്റനോട്ടത്തില്‍ ആരും കണ്ടുപിടിക്കില്ല റിയലിസ്റ്റിക് ഫോട്ടോകളെ വെല്ലുന്നതായിരുന്നു ഈ ചിത്രങ്ങള്‍.
മുസാഷിനോ ആര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ നിന്ന് സിനിമയിലും വിഷ്വല്‍ ആര്‍ട്ടിലും ബിരുദം നേടിയ ജിനുഷി ഏറെ രസകരമായാണ് ഇത്തരത്തില്‍ ഒരു ഫോട്ടോ ഷൂട്ട് അവതരിപ്പിച്ചത്. തനിച്ചുള്ള ഒരു യാത്രക്കിടയില്‍ ഒരു യുവതിയുടെ പ്രതിമക്കൊപ്പം നിന്ന് ഫോട്ടോ എടുത്തപ്പോഴാണ് തനിക്ക് ഇത്തരം ഒരു ആശയം തോന്നിയത് എന്നാണ് ഇദ്ദേഹം പറയുന്നത്.
ഒരു വിഗ്ഗും പിന്നെ ഏതാനും മേക്കപ്പ് പ്രോപോര്‍ട്ടികളും കൂടെ ചില ഡിജിറ്റല്‍ വിദ്യകളുമാണ് ഈ ഫോട്ടോ ഷൂട്ടിനായി ഇദ്ദേഹം ഉപയോഗിച്ചത്. ഒരു യുവതിയുടെ കൈയുടെ ചിത്രം പകര്‍ത്താന്‍ തന്റെ തന്നെ കയ്യില്‍ ഫൗണ്ടേഷന്‍ പുരട്ടിയും നെയില്‍ പോളിഷിട്ടും അതിന് സജ്ജമാക്കിയതായി ജിനുഷി പറയുന്നു.
ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ , അവിവാഹിതരായ നിരവധി പുരുഷന്മാരാണ് സമാനമായ രീതിയില്‍ തങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചത്. ഈ ഫോട്ടോ ഷൂട്ടിനായി താന്‍ ഉപയോഗിച്ച ഫോട്ടോഗ്രാഫി ടെക്‌നിക്കുകള്‍ ഫാന്റസി ഗേള്‍ഫ്രണ്ട് എന്ന പേരില്‍ ഇദ്ദേഹം ഒരു പുസ്തകമാക്കിയിരിക്കുകയാണ്.
Discussion about this post