ശബരിമല : ശാരീരികമായി വയ്യാത്ത തീർത്ഥാടകരിൽ നിന്നും അമിത നിരക്ക് വാങ്ങുന്നത് ഒഴിവാക്കാൻ ദേവസ്വം ബോർഡ് ആവിഷ്കരിച്ച പ്രീപെയ്ഡ് ഡോളി സർവീസ് ഉടൻ നടപ്പാക്കും. ഇതിന്റെ ഭാഗമായുള്ള കൗണ്ടറുകളും നിരക്കും നിശ്ചയിച്ചു. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്നതോടെ പ്രവർത്തനം തുടങ്ങും.
അമിത കൂലി നൽകാത്തതിന് തീർത്ഥാടകരോട് മോശമായി പെരുമാറി വഴിയിൽ ഇറക്കിവിട്ടതിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡോളി തൊഴിലാളികൾ നേരത്തെ പണിമുടക്കിയിരുന്നു. സമരത്തെ വിമർശിച്ച ഹൈക്കോടതി പ്രീപെയ്ഡ് സംവിധാനം അടിയന്തരമായി നടപ്പാക്കാൻ ബോർഡിന് നിർദ്ദേശം നൽകിയിരുന്നു.
ഡോളി തോഴികളികളുടെ ആവശ്യം കൂടെ പരിഗണിച്ച് ഒരുവശത്തേക്ക് മിനിമം 4250 രൂപയാക്കാനാണ് ബോർഡിന്റെ തീരുമാനം. നിലവിൽ ഇത് 3250 രൂപയാണ്. ഉപഭോക്താവിന്റെ ശരീരഭാരം അടിസ്ഥാനമാക്കി തുകയിൽ മാറ്റം വരും. ഒരു ഡോളിയിൽ കൂടുതൽ ആളുകളെ കയറ്റി തോന്നുംപോലെ കൂലി വാങ്ങുന്നത് തടയും.80 കിലോ വരെ ശരീരഭാരമുള്ള ആൾക്കാണ് 4250 രൂപ. 80 മുതൽ 100 കിലോഗ്രാം വരെ 5000 രൂപയും നൂറ് കിലോയ്ക്ക് മുകളിൽ 6000 രൂപയുമാണ് ഒരുവശത്തേക്ക്.
Discussion about this post