എറണാകുളം: നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ടാണ് വധു. ഇന്ന് രാവിലെയോടെയായിരുന്നു ഇരുവരുടെയും വിവാഹം.
ദീർഘനാളായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. ഇതിനൊടുവിലാണ് വിവാഹം. പ്രൊഡക്ഷൻ ഡിസൈനർ കൂടിയാണ് ദീപ്തി. കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊടുക്ക് എന്ന ചിത്രത്തിൽ രാജേഷ് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇരുവരും പ്രണയത്തിൽ ആയത് എന്നാണ് സൂചന. ഇരുവരുടെയും വിവാഹം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.
പ്രൊഡക്ഷൻ കൺട്രോളർ ആയിട്ടാണ് രാജേഷ് മാധവൻ സിനിമയിലേക്ക് എത്തുന്നത്. ശേഷം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്കും കടന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ കാസ്റ്റിംഗ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ഹെർ ആണ് രാജേഷ് മാധവൻ അഭിനയിച്ച അവസാന ചിത്രം.













Discussion about this post