അബുദാബി: സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി അബുദാബി. സ്വകാര്യ ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ സ്മാര്‍ട്ട് ഫോണുകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് പ്രധാനമായും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടുതല്‍ ഫീച്ചറുകളുമായി അപ്ഗ്രേഡ് ചെയ്ത സ്മാര്‍ട്ട്ഫോണുകളുടെ പുതിയ മോഡലുകള്‍ വരുന്നതോടെ അതിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനായി പലരും തങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കാറാണ് പതിവ്. എന്നാല്‍ ഇത് അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും ചെയ്യണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് അധികൃതര്‍ അറിയിച്ചു. ഫോണിലെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങും ചൂഷണവും നടക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നും അധികൃതര്‍ പറഞ്ഞു. തങ്ങളുടെ ഉപകരണങ്ങള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കുന്ന സാഹചര്യങ്ങളില്‍ അവയിലെ എല്ലാ സെന്‍സിറ്റീവ് വിവരങ്ങളും പ്രത്യേകിച്ച്, സ്വകാര്യ ഫോട്ടോകളും വീഡിയോകളും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
വിശ്വാസയോഗ്യമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് പോലുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കിടുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ് മുന്നറിയിപ്പ് നല്‍കി.
Discussion about this post