തേൻ നമുക്കെല്ലാവർക്കും ഇഷ്ടമാണല്ലേ… ആഹാരത്തിനൊപ്പം ചേർത്ത് രുചികരമാക്കുക മാത്രമല്ല നമ്മുടെ സൗന്ദര്യവർദ്ധനവിനും ആരോഗ്യപരിപാലനത്തിനും തേൻ സഹായിക്കുന്നു. ശരിക്കും ഔഷധക്കലവറ. കിലോഗ്രാമിന് 500 രൂപവരെയാണ് തേനിന് വിപണിവില. എന്നാൽ കിലോഗ്രാമിന് ലക്ഷങ്ങൾ വിലയുള്ള തേനുണ്ടെന്നറിയാമോ? സുഗന്ധത്തിനും പരിശുദ്ധിക്കും പേര് കേട്ട ഈ തേൻ എൽവിഷ് തേൻ എന്നാണ് അറിയപ്പെടുത്തത്. ലോകത്തിൽ ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും ശുദ്ധമായ തേൻ ആണിത്. സാധാരണ തേൻ പോലെ മധുരമുള്ളതല്ല, അൽപ്പം കയ്പുള്ളതും ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ് എന്നതാണ് ഈ തേനിന്റെ ഏറ്റവും പ്രത്യേകത. ആൻറി ഓക്‌സിഡൻറുകൾ, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ്.
തുർക്കിയിലെ ആർട്വിൻ സിറ്റിയിലെ 1800 മീറ്റർ താഴ്ചയുള്ള ഒരു ഗുഹയിൽ നിന്നുമാണ് ഇത് എടുക്കുന്നത്. കരിങ്കടൽ മേഖലയായ അർഹാവിയിൽ, പുറംലോകത്തിന്റെ സ്പർശമേൽക്കാത്ത പർവതങ്ങളിൽ കൂടുകൂട്ടുന്ന കാട്ടുതേനീച്ചകളാണ് എൽവിഷ് തേനിന്റെ സ്രോതസ്സ്. ഔഷധഗുണമുള്ളതും തദ്ദേശീയവുമായ സസ്യങ്ങളിൽ പരാഗണം നടത്തുന്ന വംശനാശം നേരിടുന്ന കൊക്കേഷ്യൻ കാട്ടുതേനീച്ചകളുടെ കോളനിയിൽ നിന്നാണ് നാട്ടുകാർ ഈ തേൻ സംഭരിക്കുന്നത്.
നൂറ്റാണ്ടുകളായി ‘ദൈവങ്ങളുടെ അമൃത്’ എന്നാണ് എൽവിഷ് തേൻ അറിയപ്പെടുന്നത്. ബിസി 17-ാം നൂറ്റാണ്ടിലെ തുർക്കിയിലെ ‘കോൾച്ചിസ് സാമ്രാജ്യ’കാലം തൊട്ട് പ്രശസ്തമാണ്. പുരാതന ലാസ് ഗോത്രങ്ങൾ രോഗങ്ങളെ സുഖപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും വാർധക്യത്തെ ചെറുക്കാനും ലൈംഗികശക്തി വർദ്ധിപ്പിക്കാനുമെല്ലാം ഈ തേൻ ഉപയോഗിക്കാറുണ്ടായിരുന്നത്രേ. തലവേദനയും ഒഴിവാക്കാൻ സഹായിക്കാനും തേനിന് കഴിയുമത്രേ.
Discussion about this post