എറണാകുളം : സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ മുഴുവൻ തുകയും വയനാടിനു വേണ്ടി ചിലവഴിക്കാൻ കഴിയില്ലെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി രൂപയാണ് എന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു. കേന്ദ്രസർക്കാരിൽ നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടണമെങ്കില്‍ ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന് കോടതി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനിയോഗവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഡിആർഎഫ് തുകയുടെ വിനിയോഗം, വയനാടിന് അധികമായി ആവശ്യമുള്ള തുക എന്നിവ കൃത്യമായി ഉൾപ്പെടുത്തി വേണം റിപ്പോർട്ട് സമർപ്പിക്കാൻ എന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് അറിയിച്ചു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കോടതി ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുള്ളത്.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലുള്ള മുഴുവൻ തുകയും വയനാടിനു വേണ്ടി ചിലവഴിക്കാൻ കഴിയില്ല എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പാലങ്ങളുടെയും റോഡുകളുടെയും പുനരുദ്ധാരണത്തിനും നവീകരണത്തിനും സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുക പൂർണമായും വിനിയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രായോഗികമല്ലന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഡിസംബര്‍ 10ലെ കണക്ക് അനുസരിച്ച് കേരളത്തിന്റെ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ ബാക്കിയുള്ളത് 700 കോടി രൂപയാണ്. എന്നാൽ ഈ തുകയിൽ 638.95 കോടി രൂപ സംസ്ഥാനത്തിന്റെ മറ്റ് വിവിധ ആവശ്യങ്ങൾക്കായി നൽകാൻ തീരുമാനം ആയിട്ടുള്ളതാണെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.
Discussion about this post