ഹൃദയസ്പർശിയായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് തകരപ്പെട്ടിയിൽ (tin box) നിന്ന് തലകുടുങ്ങിയ ഹിമാലയൻ കരടിക്കുട്ടിയെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തുന്നതാണ് വീഡിയോ. വീഡിയോക്ക് വൻ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതും സൈന്യം അതിസാഹസികമായാണ് കരടി കുട്ടിയെ രക്ഷിക്കുന്നത്.
സംഭവം എവിടെയാണ് നടക്കുന്നത് എന്ന് വെളിപ്പെടുത്തിയട്ടില്ല. വീഡിയോയിൽ കാണിക്കുന്നത് സൈനികർ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതാണ്. മെറ്റൽ ക്യാനിസ്റ്ററിൽ തല കുടുങ്ങിയ നിലയിൽ കരടിയെ സൈനികരാണ് കണ്ടത്. സമയം പാഴാക്കാതെ, കരടിയെ കൂടുതൽ ഭയപ്പെടുത്താതെ പുറത്തെടുക്കുകയായിരുന്നു.
ആദ്യം ക്യാനിസ്റ്റർ (തകരപ്പാട്ട) നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും അത് അതിന് കൂടുതൽ പരിക്കുകൾ ഏൽപ്പിക്കുമെന്ന് മനസ്സിലായതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ലോഹങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള ഉപകരണം ഉപയോഗിച്ച് വളരെ കൃത്യതയോടെയും കരുതലോടെയും സൈനികർ ക്യാനിസ്റ്റർ മുറിച്ചുമാറ്റിയാണ് അവസാനം കരടിക്കുട്ടനെ പുറത്തെടുത്തത്.
പുറത്തെടുത്ത ശേഷം കരടിക്കുട്ടൻ കുറച്ച് സമയത്തിനുള്ളിൽ സൈനികരുമായി അടുക്കുകയും ചെയ്തു. സൈനികർ കുഞ്ഞൻ കരടിക്കൊരു പേരുമിട്ടു-‘ബഹാദൂർ’. മണിക്കൂറുകളോളം അവർക്കിടയിൽ കളിച്ചുനടന്ന ശേഷമാണ് ബഹാദൂർ മഞ്ഞുമലകളിലേക്ക് ഓടി പോയത്.
Discussion about this post