മുംബൈ : മഹാരാഷ്ട്ര രത്നഗിരിയിലെ ജെഎസ്‌ഡബ്ല്യു എനർജി പ്ലാൻ്റിൽ നിന്നും വിഷപ്പുക പടർന്നതിന് പിന്നാലെ 30 കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ. പ്ലാന്റിന് സമീപത്തെ സ്കൂളിലെ 30 വിദ്യാർത്ഥികൾക്കാണ് കടുത്ത ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടത്. ജെഎസ്‌ഡബ്ല്യു എനർജി പ്ലാൻ്റിൻ്റെ സംഭരണ ടാങ്കിൽ നിന്നുമാണ് വിഷപ്പുക ഉയർന്നത്.
പ്ലാൻ്റിൽ നിന്നുള്ള പുക സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഇത് നിരവധി വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ബാധിച്ചു. പ്ലാൻ്റിന് സമീപമുള്ള ജയ്ഗഡ് വിദ്യാമന്ദിർ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ശ്വാസ തടസ്സം അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായത്. സ്‌കൂളിൽ ഉണ്ടായിരുന്ന 250 വിദ്യാർത്ഥികളിൽ 30-ലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി.
നിറമില്ലാത്ത, കടുത്ത ദുർഗന്ധമുള്ള ദ്രാവകമായ ഈഥൈൽ മെർക്യാപ്റ്റനിൽ നിന്നാണ് പുക പടർന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പുകയുടെ ഉറവിടവും ഘടനയും പരിശോധിച്ച് അവയുടെ ആരോഗ്യപരമായ അപകടസാധ്യതകളെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post