പാലക്കാട്: മണ്ണാർക്കാട് പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് വിദ്യാർഥികൾ മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടർക്ക് നിര്‍ദേശം നല്‍കി. സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പൊതു വിദ്യഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്.
അപകടത്തിൽ മരിച്ച കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് മന്ത്രി അനുശോചനം അറിയിച്ചു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. മൂന്ന് പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മദർ കെയർ ഹോസ്പിറ്റലിലുമാണ്.
അപകടത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. അപകടത്തിനിടയാക്കിയ സ്ഥലത്ത് ഒരുപാട് തവണ അപകടം നടന്നിട്ടുണ്ടെന്നും ഇത് സ്ഥിരമായ അപകട മേഖലയാണെന്നും ആണ് നാട്ടുകാർ പറയുന്നത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.
Discussion about this post