ആദായ നികുതി വകുപ്പിന്‍റെ പാന്‍ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ പുതിയ പാൻ കാർഡ് എങ്ങനെ ലഭിക്കുമെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. പാൻ 2.0 പദ്ധതി പ്രകാരം, ഇന്ത്യൻ പാൻ കാർഡ് ഉടമകൾക്ക് 50 രൂപയ്ക്ക് ക്യുആർ കോഡ് ഉൾക്കൊള്ളുന്ന റീപ്രിൻ്റ് കാർഡ് ലഭിക്കും. ഈ കാര്‍ഡ് നികുതി വകുപ്പ് പുതിയ കാർഡ് രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് എത്തിക്കും. റീപ്രിൻ്റ് ലഭിക്കാനായി നികുതിദായകർക്ക് അവരുടെ പാൻ വിവരങ്ങൾ ആദായനികുതി രേഖകളിൽ ചാർജില്ലാതെ അപ്ഡേറ്റ് ചെയ്യാം.
നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്വെയര്‍ 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും ഉള്ളതുകൊണ്ട് ആണ് പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. അതേസമയം, പാന്‍ 2.0 വന്നാലും നിലവിലുള്ള പാന്‍ കാര്‍ഡ്, സാധുതയുള്ളതായി തുടരുമെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്.
എങ്ങനെയാണ് ഇത് അപേക്ഷിക്കുക എന്ന് നോക്കാം ..
ആദ്യം, https://www.onlineservices.nsdl.com/paam/ReprintEPan.html പോർട്ടൽ സന്ദർശിക്കുക. അതിനു ശേഷം, പാൻ, ആധാർ, ജനനത്തീയതി തുടങ്ങി ആവശ്യമായ വിവരങ്ങൾ നല്‍കി, ആവശ്യമായ ബോക്സുകൾ ടിക്ക് ചെയ്ത് ‘സമർപ്പിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍, സ്‌ക്രീനിൽ ഒരു പുതിയ വെബ്‌പേജ് തുറന്നുവരും. അതിൽ നിങ്ങൾ നൽകിയ വിവങ്ങൾ കൃത്യമാണെന്ന് പരിശോധിക്കുക. ശേഷം, OTP ലഭിക്കാൻ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പറിലും ഇമെയിൽ ഐഡിയിലും രണ്ടിലും ഒടിപി ലഭിക്കും.
ലഭിക്കുന്ന ഒടിപിക്ക് 10 മിനിറ്റ് മാത്രമേ സാധുതയുള്ളൂ. ഒടിപി നൽകി സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. ഒടിപി സാധൂകരിക്കപ്പെട്ടുകഴിഞ്ഞാൽ, പേയ്‌മെൻ്റ് നൽകാനുള്ള പേജ് തുറക്കും. ക്യുആർ കോഡ് ഉപയോഗിച്ച് പാൻ കാർഡ് റീപ്രിൻ്റിന് അപേക്ഷിക്കുന്നതിന് നിങ്ങൾക്ക് 50 രൂപ അടയ്ക്കാം. ‘ഞാൻ സേവന നിബന്ധനകൾ അംഗീകരിക്കുന്നു’ എന്നതിലെ ടിക്ക് ബോക്‌സ് തിരഞ്ഞെടുത്ത് സമർപ്പിക്കുക എന്നതിൽ ക്ലിക്കുചെയ്യുക.
പേയ്‌മെൻ്റ് നടത്തിക്കഴിഞ്ഞാൽ, ഒരു അക്‌നോളജ്‌മെൻ്റ് രസീത് ലഭിക്കും. 24 മണിക്കൂറിന് ശേഷം എൻഎസ്‌ഡിഎൽ വെബ്‌സൈറ്റിൽ നിന്ന് ഇ-പാൻ ഡൗൺലോഡ് ചെയ്യാൻ ഇത് അനുവദിക്കുന്നതിനാൽ ഈ അക്‌നോളജ്‌മെൻ്റ് രസീത് സൂക്ഷിച്ച് വക്കണം. പുതിയ പാൻ കാർഡ് 15-20 ദിവസത്തിനകം രജിസ്റ്റർ ചെയ്ത വിലാസത്തിൽ ലഭിക്കും.
Discussion about this post